അണക്കെട്ടുകളുടെ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രം ; ഡാം നവീകരണത്തിന് 3466 കോടിയുടെ പദ്ധതിക്ക് അംഗീകാരം

രാജ്യത്തെ 198 ഡാമുകള്‍ക്ക് ഗുണകരമാകുന്നതാണ് പദ്ധതി. ലോകബാങ്ക് സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക
അണക്കെട്ടുകളുടെ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രം ; ഡാം നവീകരണത്തിന് 3466 കോടിയുടെ പദ്ധതിക്ക് അംഗീകാരം

ന്യൂഡല്‍ഹി : രാജ്യത്തെ അണക്കെട്ടുകളുടെ സുരക്ഷ ശക്തമാക്കാന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ഡാം നവീകരണത്തിനായി 3466 കോടിയുടെ പദ്ധതിയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ലോകബാങ്ക് സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. രാജ്യത്തെ 198 ഡാമുകള്‍ക്ക് ഗുണകരമാകുന്നതാണ് പദ്ധതി. 

3466 കോടിയുടെ പദ്ധതിയില്‍, 2628 കോടി രൂപയാണ് ലോകബാങ്ക് ധനസഹായമായി ലഭിക്കുക. 91 കോടി കേന്ദ്ര ജലകമ്മീഷന്‍ ഫണ്ടാണ്. ശേഷിക്കുന്ന 747 കോടി രൂപ ഡാം റിഹാബിലിറ്റേഷന്‍ ആന്റ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട്, സംസ്ഥാന സര്‍ക്കാരുകള്‍, ഇംപ്ലിമെന്റിംഗ് ഏജന്‍സികള്‍ എന്നിവ വഴി സ്വരൂപിക്കാനാണ് പദ്ധതി. ഡാമുകളുടെ സുരക്ഷ, പ്രവര്‍ത്തനം എന്നിവ നവീകരിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ പ്രളയക്കെടുതി കൂടി കണക്കിലെടുത്താണ് തീരുമാനം.

ബുധ്‌നിയില്‍ നിന്നും ഇന്‍ഡോറിലെ മംഗലിയാഗോണ്‍ വരെ പുതിയ റെയില്‍വേ ലൈന്‍ നിര്‍മ്മിക്കാനും കേന്ദ്രസര്‍ക്കാര്‍  തീരുമാനിച്ചു. 205 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പാതയ്ക്ക് 3261.82 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അംഗനവാടി ജീവനക്കാരുടെ അലവന്‍സ് വര്‍ധിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com