ആ വീടുകളില്‍ നിന്ന് മോദിയുടെ ചിത്രങ്ങള്‍ മാറ്റണം; പി.എം.എ.വൈ പദ്ധതി വീടുകളില്‍ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ പാടില്ലെന്ന് കോടതി

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം മധ്യപ്രദേശില്‍ നിര്‍മിച്ച വീടുകളില്‍ നിന്ന് നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും ചിത്രങ്ങള്‍ മാറ്റണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി
ആ വീടുകളില്‍ നിന്ന് മോദിയുടെ ചിത്രങ്ങള്‍ മാറ്റണം; പി.എം.എ.വൈ പദ്ധതി വീടുകളില്‍ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ പാടില്ലെന്ന് കോടതി

ഗ്വാളിയോര്‍: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം മധ്യപ്രദേശില്‍ നിര്‍മിച്ച വീടുകളില്‍ നിന്ന് നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും ചിത്രങ്ങള്‍ മാറ്റണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഡിസംബര്‍ 20ന് മുന്‍പ് ഉത്തരവ് നടപ്പാക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. മധ്യപ്രദേശ് ഹൈക്കോടതിയിലെ ഗ്വാളിയോര്‍ ബെഞ്ചാണ് ഉത്തരവ് പുറത്തിറക്കിയത്. പി.എം.എ.വൈ പദ്ധതി പ്രകാരം ജനങ്ങള്‍ക്ക് നിര്‍മിച്ച് നല്‍കുന്ന വീടുകളില്‍ ഒരു രാഷ്ട്രീയ നേതാക്കന്മാരുടെയും ചിത്രങ്ങള്‍ പാടില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

നിലവില്‍ ചിത്രങ്ങള്‍ പതിപ്പിച്ചിട്ടുള്ള വീടുകളില്‍ നിന്ന് ചിത്രങ്ങള്‍ മാറ്റാന്‍ മൂന്ന് മാസത്തെ സമയം കോടതി നല്‍കിയിട്ടുള്ളത്. ഡിസംബര്‍ 20ന് മുന്‍പ് ചിത്രങ്ങള്‍ നീക്കം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

ദാത്യ സ്വദേശിയായ സഞ്ജയ് പുരോഹിത് നല്‍കിയ പൊതു താത്പര്യ ഹര്‍ജിയിലാണ് കോടതി നടപടി. പൊതുപണം ഉപയോഗിച്ചാണ് ഈ വീടുകള്‍ നിര്‍മിച്ചിട്ടുള്ളതെന്നും രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കായി ഇവ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും സഞ്ജയ് പുരോഹിതിന്റെ അഭിഭാഷകന്‍ വാദിച്ചു.

അതേസമയം ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ചതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. പി.എം.എ.വൈ പദ്ധതിയുടെ ലോഗോ മാത്രമേ ഇനി ഈ വീടുകളില്‍ പതിക്കു എന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് പി.എം.എ.വൈ പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകളുടെ പൂമുഖത്തും അടുക്കളയിലും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ പതിക്കണമെന്ന് ഉത്തരവുണ്ടായിരുന്നു. ഏപ്രില്‍ നാലിന് സംസ്ഥാന നഗരവികസന വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ മഞ്ജു ശര്‍മയാണ് ഉത്തരവിറക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com