കളത്തിലിറങ്ങാൻ കമൽ ; തന്ത്രങ്ങളൊരുക്കാൻ ട്രംപിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചയാൾ

ലോക്സഭാ തെരഞ്ഞെടുപ്പിൽ കളം നിറയാൻ നടൻ കമൽ ഹാസന്റെ മക്കൾ നീതി മയ്യം പാർട്ടി പുതു തന്ത്രങ്ങളുമായെത്തുന്നു
കളത്തിലിറങ്ങാൻ കമൽ ; തന്ത്രങ്ങളൊരുക്കാൻ ട്രംപിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചയാൾ

ചെന്നൈ : ലോക്സഭാ തെരഞ്ഞെടുപ്പിൽ കളം നിറയാൻ നടൻ കമൽ ഹാസന്റെ മക്കൾ നീതി മയ്യം പാർട്ടി പുതു തന്ത്രങ്ങളുമായെത്തുന്നു. പാർട്ടിക്കു വേണ്ടി തന്ത്രം മെനയുന്നതാകട്ടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ച അവിനാശ് ഇരിഗവരപു ആണ്. കമല്‍ഹാസനുമായി അവിനാശ് കൈകോര്‍ത്തുകഴിഞ്ഞു.  കോയമ്പത്തൂരിൽ ബുധനാഴ്ച നടന്ന പാർട്ടി പ്രവർത്തകരുടെ പഠന ക്ലാസ്സിൽ അവിനാശ് പങ്കെടുത്തു. എങ്ങനെ തെരഞ്ഞെടുപ്പിനെ നേരിടാം, എങ്ങനെ വിജയിക്കാം തുടങ്ങിയ കാര്യങ്ങളിൽ പാർട്ടി ഭാരവാ​ഹികൾക്ക് പ്രത്യേക പരിശീലനം ശിൽപ്പശാലയിൽ നടന്നു. 

അമേരിക്കയിലെ അരിസോണയിൽ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവിനാശാണ് ചുക്കാൻ പിടിച്ചത്. ആന്ധ്രപ്രദേശിലെ രാജമുണ്ഡ്രി സ്വദേശിയാണ് അവിനാശ് ഇരി​ഗവരപു. ലക്നൗ ഐഐഎമ്മിൽ നിന്നും പുറത്തിറങ്ങിയ അവിനാശ്, 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ജ​ഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺ​ഗ്രസിനെ വിജയത്തിലെത്തിച്ചാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ലോകത്ത് ആദ്യ ജയം കരസ്ഥമാക്കുന്നത്. തുടർന്ന് അരിസോണ ​ഗവർണർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡ​ഗ് ഡു​ഗെയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഇതോടെ അവിനാശിനെ അരിസോണയിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കുകയായിരുന്നു. 

തമിഴ്നാട്ടില്‍ വരാനിരിക്കുന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും പാര്‍ട്ടി മത്സരിക്കില്ലെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയിട്ടുണ്ട്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് തന്നെയാണ് കമൽ ലക്ഷ്യമിടുന്നത്. അഴിമതി വിരുദ്ധ ആശയങ്ങള്‍ വിദ്യാര്‍ഥികളിലേക്കും യുവാക്കളിലേക്കും എത്തിക്കുകയാണ് കമല്‍ഹാസന്‍റെ പ്രധാന ലക്ഷ്യം. ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യ വികനങ്ങള്‍ക്ക് അതീവപ്രാധാന്യം കൊടുക്കുകയും മാതൃക ഗ്രാമങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി അത് പ്രചാരണായുധമാക്കുകയും ലക്ഷ്യമിടുന്നുണ്ട്. തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയും തയ്യാറായി കൊണ്ടിരിക്കുകയാണ്. എത്ര സീറ്റുകളില്‍ മത്സരിക്കണം എന്നത് അടക്കമുള്ള കാര്യങ്ങളില്‍ വരും ദിവസങ്ങളില്‍ ചര്‍ച്ച നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com