മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് ; കേസ് വിധി പറയാന്‍ മാറ്റി, കേസ് ഡയറി സമര്‍പ്പിക്കാന്‍ പൊലീസിന് സുപ്രിംകോടതി നിര്‍ദ്ദേശം

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് ; കേസ് വിധി പറയാന്‍ മാറ്റി, കേസ് ഡയറി സമര്‍പ്പിക്കാന്‍ പൊലീസിന് സുപ്രിംകോടതി നിര്‍ദ്ദേശം

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഖാനിവ്ല്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്

ന്യൂഡല്‍ഹി: ഭീമ കൊറഗാവ്‌ സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത കേസ്, സുപ്രിം കോടതി വിധി പറയുന്നതിന് മാറ്റിവച്ചു. കേസില്‍ മുതിര്‍ന്ന അഭിഭാഷകരായ അഭിഷേക് മനു സിങ്വി, ഹാരിഷ് സാല്‍വേ, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവരുടെ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് വിധി പറയാന്‍ മാറ്റിയത്.

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്നും അഞ്ചുപേരെയും ഉടന്‍ വിട്ടയയ്ക്കണമെന്നും ആവശ്യമുന്നയിച്ച് ചരിത്രകാരി റൊമീള ഥാപ്പറും, സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രഭാത് പട്‌നായിക്, ദേവകി ജെയിന്‍, സോഷ്യോളജി പ്രൊഫസര്‍ സതീഷ് ദേശ്പാണ്ഡെ, മജ ദാറുവാള എന്നിവരുമാണ്  സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഖാനിവ്ല്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്. അന്വേഷണ പുരോഗതി സംബന്ധിച്ച കേസ് ഡയറി  സെപ്തംബര്‍ 24 നകം സമര്‍പ്പിക്കാന്‍ കോടതി മഹാരാഷ്ട്രാ പൊലീസിനോട് ആവശ്യപ്പെട്ടു. തെളിവുകള്‍ ഹാജരാക്കണമെന്നും വ്യക്തികളുടെ സ്വാതന്ത്ര്യം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ബലികഴിക്കാനുള്ളതല്ലെന്നും കോടതി അന്വേഷണ സംഘത്തോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെളിവുകള്‍ പൊലീസ് കെട്ടിച്ചമച്ചതാണെന്ന് തോന്നിയാല്‍ പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറാന്‍ ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

മനുഷ്യാവകാശ പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരുമായ വരവരറാവു, അരുണ്‍ ഫെരാറേയ, വെര്‍നന്‍ ഗൊണ്‍സാല്‍വസ്, ഗൗതം നവ്‌ലാഖ, സുധാ ഭരദ്വാജ് എന്നിവരെയാണ് മാവോയിസ്റ്റ് അനുകൂല സംഘടനകളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് പൂനെ പൊലീസ് കഴിഞ്ഞ മാസം  അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 29 മുതല്‍ ഇവര്‍ വീട്ടുതടങ്കലിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com