'സർജിക്കൽ സ്ട്രൈക്ക് ദിനം ആചരിക്കണം' ; സർവകലാശാലകളോട് യുജിസി
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st September 2018 02:55 PM |
Last Updated: 21st September 2018 03:02 PM | A+A A- |

ന്യൂഡൽഹി: പാക് അതിർത്തി കടന്ന് ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ വാർഷിക ദിനം ആചരിക്കണമെന്ന് സർവകലാശാലകൾക്ക് യുജിസിയുടെ നിർദേശം. സെപ്റ്റംബർ 29 സർജിക്കൽ സ്ട്രൈക്ക് ദിനമായി ആചരിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. രാജ്യത്തെ എല്ലാ സർവകലാശാല വൈസ് ചാൻസലർമാർക്കും അയച്ച കത്തിലാണ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ഇക്കാര്യം നിർദേശിച്ചിട്ടുള്ളത്.
അന്നേദിനം സർവകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾ, രാജ്യത്തെ സൈന്യത്തിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള പ്രതിജ്ഞ എടുക്കണമെന്നും കത്തിൽ നിർദേശിച്ചിട്ടുണ്ട്. സര്‍വകലാശാലകളിലെ എന്‍സിസി യൂണിറ്റുകള്‍ പ്രത്യേക പരേഡുകള്‍ സംഘടിപ്പിക്കണമെന്നും യുജിസി നിർദേശിച്ചു. അതിർത്തി സംരക്ഷിക്കുന്നത് സംബന്ധിച്ച് എൻസിസി കമാണ്ടർ പ്രഭാഷണം നടത്തണം.
കൂടാതെ സർജിക്കൽ സ്ട്രൈക്ക് ദിനാചരണത്തോട് അനുബന്ധിച്ച് പ്രത്യേക പരേഡ്, എക്സിബിഷൻ എന്നിവ സംഘടിപ്പിക്കാനും യുജിസി നിർദേശിച്ചിട്ടുണ്ട്. കോളേജുകളിലും സർവകലാശാലകളിലും മുൻ സൈനികരെ ക്ഷണിച്ച് യോഗം സംഘടിപ്പിക്കണം. സായുധ സേനകള്‍ക്ക് ആശംസനേര്‍ന്നുകൊണ്ട് കാർഡ് അയക്കാനും യുജിസി ആവശ്യപ്പെട്ടിട്ടുണ്ട്.