പഠിച്ച വിഷയങ്ങള്‍ അറിയില്ല, അധ്യാപകരെയും ഓര്‍മ്മയില്ല, എല്ലാം മറന്ന് പോയെന്ന് ഡല്‍ഹി സര്‍വകലാശാലയിലെ എബിവിപി നേതാവ് അങ്കിവ് ബസോയ (വീഡിയോ)

കോളെജില്‍ പഠിപ്പിച്ച അധ്യാപകരുടെ പേര് ചോദിച്ചപ്പോള്‍ ഒരാളെപ്പോലും താന്‍ ഓര്‍ക്കുന്നില്ലെന്നായിരുന്നു എബിവിപി നേതാവിന്റെ മറുപടി.
പഠിച്ച വിഷയങ്ങള്‍ അറിയില്ല, അധ്യാപകരെയും ഓര്‍മ്മയില്ല, എല്ലാം മറന്ന് പോയെന്ന് ഡല്‍ഹി സര്‍വകലാശാലയിലെ എബിവിപി നേതാവ് അങ്കിവ് ബസോയ (വീഡിയോ)

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എബിവിപി നേതാവ് അങ്കിവ് ബസോയയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന ആരോപണം ശക്തമാകുന്നു. ബിരുദത്തിന് പഠിച്ച വിഷയങ്ങള്‍ ഏതെല്ലാമായിരുന്നുവെന്ന ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടറുടെ 
ചോദ്യത്തിന് മറുപടി നല്‍കാന്‍ അങ്കിത് ബസോയയ്ക്ക് കഴിഞ്ഞില്ല. കുറേ വിഷയങ്ങളുണ്ടായിരുന്നു എന്നാണ് ബസോയ മറുപടി നല്‍കിയത്. കുറച്ച് നേരം മിണ്ടാതിരുന്നതിന് ശേഷം ഇംഗ്ലീഷ്, സ്‌കില്‍ അടിസ്ഥാനമാക്കിയ വിഷയങ്ങളും പ്രധാന സിദ്ധാന്തങ്ങളുമാണ് മൂന്ന് വര്‍ഷം പഠിച്ചതെന്ന് മറുപടി നല്‍കി.

ഡിപാര്‍ട്ട്‌മെന്റ് മേധാവിയുടെ പേരോ , ടീച്ചര്‍മാരുടെ പേരോ പറയാമോ എന്ന് ചോദിച്ചപ്പോള്‍ ഒരാളെപ്പോലും താന്‍ ഓര്‍ക്കുന്നില്ലെന്നായിരുന്നു എബിവിപി നേതാവിന്റെ മറുപടി. കോളെജ് പഠനകാലത്തെ ഓര്‍മ്മകളെല്ലാം മറന്നു പോയി എന്നും അങ്കിവ് പറഞ്ഞു. ഏറ്റവും ഇഷ്ടപ്പെട്ട വിഷയം ഏതായിരുന്നു പഠിക്കുന്ന കാലത്തെന്ന ചോദ്യത്തിന് പോലും മറുപടിയുണ്ടായില്ല. റിപ്പോര്‍ട്ടറുടെ
നിസാരമായ ചോദ്യങ്ങള്‍ക്ക് പോലും മറുപടി നല്‍കാന്‍ അങ്കിവിന് സാധിക്കാതെ വന്നതോടെയാണ് ആരോപണത്തില്‍ കഴമ്പുണ്ടെന്ന വാദങ്ങള്‍ക്ക് ശക്തിയേറുന്നത്. 

രാഷ്ട്രീയ എതിരാളികള്‍ വ്യാജ വാര്‍ത്തകള്‍ തനിക്കെതിരെ പ്രചരിപ്പിക്കുകയാണെന്നാണ് വിവാദങ്ങളോട് അങ്കിവ് പ്രതികരിച്ചത്. കൃത്യമായ പരിശോധനകള്‍ക്ക് ശേഷമാണ് തനിക്ക് ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചതെന്നും ഈ വിവാദത്തിന് ശേഷം പോലും സര്‍വകലാശാലയിലെ അഡ്മിനിസ്‌ട്രേഷനിലെ ആരും സര്‍ട്ടിഫിക്കറ്റ് പുനഃപരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ച് തന്നെ വിളിച്ചിട്ടില്ലെന്നും അങ്കിവ് വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ തോറ്റതിന് എതിരാളികള്‍ നിര്‍മ്മിക്കുന്ന കഥകള്‍ മാത്രമാണിതെന്നും ഏത് തരത്തിലുള്ള അന്വേഷണവുമായി സഹകരിക്കാന്‍ ഒരുക്കമാണെന്നും അങ്കിവ് റിപ്പോര്‍ട്ടറോട് പറയുന്നുണ്ട്.

വെല്ലൂരിലെ തിരുവള്ളുവര്‍ സര്‍വ്വകലാശാലയില്‍ നിന്നുമാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയതെന്നാണ് അങ്കിവിന്റെ സര്‍ട്ടിഫിക്കറ്റിലുള്ളത്. എബിവിപി നേതാവിന്റെ ബിരുദ സര്‍ട്ടിഫിക്കേറ്റ് വ്യാജമാണെന്ന ആരോപണം നാഷ്ണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യയാണ് ഉന്നയിച്ചത്. അങ്കിവ്  ബസോയ എന്ന വിദ്യാര്‍ത്ഥി സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്നും അങ്കിവിന്റെ സര്‍ട്ടിഫിക്കറ്റിലുള്ള സീരിയല്‍ നമ്പര്‍ റെക്കോര്‍ഡില്‍ ഇല്ലാത്തതാണെന്നും തിരുവള്ളുവര്‍ സര്‍വകലാശാല നേരത്തെ വ്യക്തമാക്കിയിരുന്നു. ഡല്‍ഹി സര്‍വകലാശാലയില്‍ ബുദ്ധിസ്റ്റ് സ്റ്റഡിസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് അങ്കിവ് ഇപ്പോള്‍.

 അങ്കിവിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നാഷ്ണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഡല്‍ഹി സര്‍വകലാശാല വിസിക്ക് പരാതി നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com