' ഇനിയും പൊലീസിനെ അധിക്ഷേപിച്ചാൽ നാവരിയും' ; എംപിയോട് പൊലീസ് ഇൻസ്പെക്ടർ

ഇനിയും  പൊലീസിനെ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചാൽ, ക്ഷമിക്കില്ല. അവരുടെ നാവുകൾ അരിയും. സൂക്ഷിച്ചോ..
' ഇനിയും പൊലീസിനെ അധിക്ഷേപിച്ചാൽ നാവരിയും' ; എംപിയോട് പൊലീസ് ഇൻസ്പെക്ടർ

ഹൈദരാബാദ് : പോലീസിനെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചാൽ ജനപ്രതിനിധികളുടെ നാവരിയുമെന്ന് പൊലീസ് ഇൻസ്പെക്ടർ. ടിഡിപി എംപിയുടെ മോശം പരാമർശത്തോട് പ്രതികരിക്കുമ്പോഴാണ്,  ആന്ധ്രപ്രദേശിലെ ആനന്ദപുരമു ജില്ലയിലെ കദ്രി പൊലീസ് ഇൻസ്പെക്ടർ മാധവ് വാർത്താസമ്മേളനത്തിൽ പരസ്യമായി ഭീഷണി ഉയർത്തിയത്. 

'ഞങ്ങള്‍ ഇത്ര നാള്‍ സംയമനം പാലിച്ചു. ഇനിയും ആരെങ്കിലും പൊലീസിനെ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചാൽ, ക്ഷമിക്കില്ല. അവരുടെ നാവുകൾ അരിയും. സൂക്ഷിച്ചോ..'  വാര്‍ത്താ സമ്മേളനത്തില്‍ മാധവ് താക്കീത് നല്‍കി. താദ്രിപെട്ടി ​ഗ്രാമത്തിൽ ഈ ആഴ്ച ഉണ്ടായ സംഘർഷം നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നും, പൊലീസ് സേന ഷണ്ഡന്മാരെപ്പോലെ ഒളിച്ചോടിയെന്നും ടിഡിപി എംപി ദിവാകർ റെഡ്ഡി കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് എസ്ഐ മാധവ് രം​ഗത്തെത്തിയത്. 

രാഷ്ട്രീയനേതാക്കളുടെ മോശം പരാമർശങ്ങളെ തുടർന്ന് പൊലീസ് ഉദ്യോ​ഗസ്ഥന്മാർക്ക്, തങ്ങളുടെ ഭാര്യയുടെയും കുട്ടികളുടെയും മുഖത്ത് പോലും നോക്കാനാകാത്ത അവസ്ഥയാണെന്നും മാധവ് അഭിപ്രായപ്പെട്ടു. ടിഡിപി എംപിയുടെ പരാമർശത്തിൽ പൊലീസ് സേനയ്ക്കുള്ളിലും എതിർപ്പ് ഉയർന്നിരുന്നു. 

അതിനിടെ നാവരിയും എന്ന എസ്ഐയുടെ താക്കീതിനെതിരെ ടിഡിപി എംപി ദിവാകർ റെഡ്ഡി രം​ഗത്തെത്തി. നാവ് അരിയാൻ എവിടെ എത്തണമെന്ന് എസ്ഐ പറഞ്ഞാൽ അവിടെ എത്താമെന്ന് ദിവാകർ റെഡ്ഡി പറഞ്ഞു. ജനപ്രതിനിധികളെ അപമാനിച്ച എസ്ഐക്കെതിരെ ഉന്നത പൊലീസ് നേതൃത്വത്തിനും സർക്കാരിനും പരാതി നൽകിയതായും ദിവാകർ റെഡ്ഡി പറഞ്ഞു. 

മാധവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും നിയമോപദേശം തേടുന്നതിനായി പരാതി എസ്.പിക്ക് സമര്‍പ്പിച്ചിരിക്കുകയാണന്നും പോലീസ് അധികൃതർ വ്യക്തമാക്കി. എന്നാൽ സംഭവത്തിൽ സംസ്ഥാനത്തെ ഉന്നത പൊലീസ് അധികൃതർ പ്രതികരിച്ചില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com