മെക്ക മസ്ജിദ് സ്‌ഫോടനം : സ്വാമി അസീമാനന്ദയെ വെറുതെ വിട്ട ജഡ്ജി ബിജെപിയിലേക്ക്

മെക്ക സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ അടക്കം അഞ്ചു പ്രതികളെയും കുറ്റവിമുക്തരാക്കി വിട്ടയച്ചത് രവീന്ദര്‍ റെഡ്ഡിയാണ്
മെക്ക മസ്ജിദ് സ്‌ഫോടനം : സ്വാമി അസീമാനന്ദയെ വെറുതെ വിട്ട ജഡ്ജി ബിജെപിയിലേക്ക്

ഹൈദരാബാദ് : മെക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ വിധി പ്രസ്താവിച്ച ജഡ്ജി ബിജെപിയില്‍ ചേരുന്നു. അഡീഷണല്‍ മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജിയും എന്‍ഐഎ കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് രവീന്ദര്‍ റെഡ്ഡിയാണ് ബിജെപി പാളയത്തിലേക്ക് ചേക്കേറുന്നത്. മെക്ക സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ അടക്കം അഞ്ചു പ്രതികളെയും കുറ്റവിമുക്തരാക്കി വിട്ടയച്ചത് രവീന്ദര്‍ റെഡ്ഡിയാണ്. 

കഴിഞ്ഞ ഏപ്രില്‍ 16 നാണ് രാജ്യം ഉറ്റുനോക്കിയ മെക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ നാലാം നമ്പര്‍ അഡീഷണല്‍ മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജിയായിരുന്ന രവീന്ദര്‍ റെഡ്ഡി വിധി പ്രസ്താവിച്ചത്. കേസില്‍ പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനായില്ലെന്നും, അതിനാല്‍ പ്രതികളെ കുറ്റവിമുക്തരാക്കുന്നു എന്നായിരുന്നു കോടതി വിധി പറഞ്ഞത്. വിധി പ്രസ്താവിച്ചതിന് പിന്നാലെ, ജസ്റ്റിസ് രവീന്ദര്‍ റെഡ്ഡി രാജി വെക്കുകയും ചെയ്തിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെക്കുന്നു എന്നായിരുന്നു മെട്രൊപൊളിറ്റന്‍ സെഷന്‍സ് ജഡ്ജിനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നത്. 

സെപ്തംബര്‍ 14 ന് അമിത് ഷാ ഹൈദരാബാദില്‍ എത്തിയപ്പോള്‍ രവീന്ദര്‍ റെഡ്ഡി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിക്കുകയായിരുന്നു. ബിജെപിയെ പോലെ ദേശസ്‌നേഹമുള്ള പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അദ്ദേഹം അമിത് ഷായെ അറിയിച്ചു. എന്നാല്‍ പാര്‍ട്ടിയില്‍ അദ്ദേഹത്തിന് എന്ത് പദവി നല്‍കും, ഏത് തരത്തില്‍ പരിഗണിക്കപ്പെടണം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം ആയിട്ടില്ലെന്ന് തെലങ്കാന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഡോക്ടര്‍ കെ ലക്ഷ്മണ്‍ അറിയിച്ചു. 

2007 മെയ് 18 ന് ചാര്‍മിനാറിന് സമീപം മെക്ക മസ്ജിദിലുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും, 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേസില്‍ പ്രതികളാണ് ബോംബ് സ്ഥാപിച്ചത് എന്നതിന് തെളിവില്ലെന്നായിരുന്നു ജഡ്ജി രവീന്ദര്‍ റെഡ്ഡി വിധിയില്‍ പറഞ്ഞത്. ഹിന്ദു സംഘടന പ്രവര്‍ത്തകരായ സ്വാമി അസീമാനന്ദ, ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ്മ, ഭരത് മൊഹന്‍ലാല്‍ രതേശ്വര്‍ എന്നിവരെ വെറുതെ വിടുകയും ചെയ്തു. 

ഒരാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് എന്നതിനാല്‍ വര്‍ഗീയ വാദിയാണെന്ന് അര്‍ത്ഥമില്ലെന്നായിരുന്നു അന്ന് വിധി പ്രസ്താവത്തില്‍ ജഡ്ജി രവീന്ദര്‍ റെഡ്ഡി പരാമര്‍ശിച്ചത്. ആര്‍എസ്എസ് നിരോധിത സംഘടനയല്ല. ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നു എന്നതുകൊണ്ട് ഒരാള്‍ വര്‍ഗീയവാദിയോ, സാമൂഹ്യ വിരുദ്ധനോ ആകില്ലെന്നും വിധിയില്‍ രവീന്ദര്‍ റെഡ്ഡി പരാമര്‍ശിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com