റഫേല്‍ ഇടപാട് മോദിയും അംബാനിയും ചേര്‍ന്ന് സൈന്യത്തോട് നടത്തിയ മിന്നലാക്രമണം : രാഹുല്‍ ഗാന്ധി

മോദിയും കേന്ദ്രസര്‍ക്കാരും ഇന്ത്യയുടെ ആത്മാവിനെയാണ് വഞ്ചിച്ചത്
റഫേല്‍ ഇടപാട് മോദിയും അംബാനിയും ചേര്‍ന്ന് സൈന്യത്തോട് നടത്തിയ മിന്നലാക്രമണം : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : റഫേല്‍ വിമാന ഇടപാടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫേല്‍ ഇടപാട് സൈന്യത്തിന് നേര്‍ക്കുള്ള മിന്നലാക്രമണം ആണെന്ന് രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റിലയന്‍സ് ഡിഫന്‍സ് ഉടമ അനില്‍ അംബാനിയും ചേര്‍ന്ന് 1,30,000 കോടിയുടെ മിന്നലാക്രമണമാണ് നടത്തിയതെന്നും ട്വീറ്റിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു. 

വിവാദ ഇടപാടിലൂടെ പ്രധാനമന്ത്രി സൈനികരുടെ രക്തസാക്ഷിത്വത്തെയാണ് അപമാനിച്ചത്. മോദിയും കേന്ദ്രസര്‍ക്കാരും ഇന്ത്യയുടെ ആത്മാവിനെയാണ് വഞ്ചിച്ചത്. ഇത് ലജ്ജാകരമാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. 

അനില്‍ അംബാനിക്ക് നേട്ടമുണ്ടാക്കാനായി കേന്ദ്ര സര്‍ക്കാര്‍ കരാറില്‍ കൃത്രിമത്വം കാണിച്ചു എന്നാണ് കോണ്‍ഗ്രസ്  ആരോപിക്കുന്നത്. ചങ്ങാത്ത മുതലാളിത്തത്തിന്റെ പാതയിലാണ് ബി.ജെ.പി സര്‍ക്കാരെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിന് തെളിവാണ് ഫ്രഞ്ച് മുൻ പ്രസിഡന്റ് ഫ്രാൻസ്വെ ഓളാന്ദയുടെ പ്രതികരണമെന്നും രാഹുൽ​ഗാന്ധി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇടപാടിൽ മാറ്റം വരുത്താൻ പ്രധാനമന്ത്രി വളഞ്ഞവഴിയിലൂടെ നേരിട്ട് ഇടപെട്ടു എന്ന് തെളിയിക്കുന്നതാണ് ഇത്. ഇക്കാര്യം വെളിച്ചത്തുകൊണ്ടു വന്ന ഒളാന്ദയ്ക്ക് നന്ദിയെന്നും രാഹുൽ അഭിപ്രായപ്പെട്ടിരുന്നു. 

'ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത് പ്രകാരം അംബാനിയുമായി ഡസോള്‍ട്ട് ധാരണയുണ്ടാക്കി. ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമുണ്ടായിരുന്നില്ല'. എന്നായിരുന്നു ഒലാന്ദ് പറഞ്ഞതായി ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ടിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തത്. റഫേല്‍ ഇടപാട് രണ്ടു സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള വാണിജ്യ ഇടപാടാണെന്നും സര്‍ക്കാരിന് ഇതില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നും ഒലാന്ദ് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

2015ല്‍ കേന്ദ്ര സര്‍ക്കാര്‍ ഫ്രാന്‍സുമായി ചേര്‍ന്ന് റഫാല്‍ കരാര്‍ പ്രഖ്യാപിക്കുമ്പോള്‍ ഒലാന്ദ് ആയിരുന്നു ഫ്രഞ്ച് പ്രസിഡന്റ്. ഒളാന്ദിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ വിശദീകരണവുമായി ഫ്രഞ്ച് സർക്കാരും രം​ഗത്തെത്തിയിരുന്നു. 58000 കോടി രൂപയുെട ഇടപാടില്‍ ഇന്ത്യന്‍ പങ്കാളിയെ കണ്ടെത്തുന്നതില്‍ ഫ്രാന്‍സിന് റോളൊന്നുമുണ്ടായിരുന്നില്ലെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com