സിപിഐ മാവോയിസ്റ്റ് ലോകത്തിലെ നാലാമത്തെ ഭീകര സംഘടന;  ഭീകരാക്രമണമുണ്ടായ രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാമത്

കഴിഞ്ഞ വര്‍ഷം മാത്രം ലോകത്ത് 8,584 ഭീകരാക്രമണങ്ങള്‍ ഉണ്ടായെന്നും ഇതില്‍ 18,753 പേര്‍ കൊല്ലപ്പെടുകയും 19,461 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഔദ്യോഗിക കണക്കുകള്‍
സിപിഐ മാവോയിസ്റ്റ് ലോകത്തിലെ നാലാമത്തെ ഭീകര സംഘടന;  ഭീകരാക്രമണമുണ്ടായ രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാമത്

ന്യൂഡല്‍ഹി: സിപിഐ മാവോയിസ്റ്റ് ലോകത്തിലെ നാലാമത്തെ ഭീകരവാദ സംഘടനയെന്ന്  അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട്‌. ഇസ്ലാമിക് സ്റ്റേറ്റും, താലിബാനും അല്‍ ഷാബും കഴിഞ്ഞാല്‍ ഭീതി വിതയ്ക്കുന്നത് സിപിഐ മാവോയിസ്റ്റാണെന്നാണ് പഠനം പറയുന്നത്. രാജ്യത്തുണ്ടായ ഭീകരാക്രമണങ്ങളില്‍ പകുതിയിലേറെയും സിപിഐ മാവോയിസ്റ്റാണ് നടത്തിയത്.

ഭീകരാക്രമണക്കെടുതി അനുഭവിക്കുന്ന രാജ്യങ്ങളില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇന്ത്യ മൂന്നാം സ്ഥാനത്തുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ഇറാഖും അഫ്ഗാനിസ്ഥാനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
2015 വരെ പാകിസ്ഥാനായിരുന്നു മൂന്നാം സ്ഥാനത്തുണ്ടായിരുന്നത്.

43 ഭീകര സംഘടനകള്‍ രാജ്യത്ത് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ പകുതിയിലേറെ ഭീകരാക്രമണങ്ങളും ജമ്മുകശ്മീര്‍, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണെന്നും ബംഗാളില്‍ മാത്രം 200 ശതമാനത്തിലധികമാണ് അക്രമങ്ങള്‍ വര്‍ധിച്ചതെന്നും റിപ്പോര്‍ട്ട്‌ കണ്ടെത്തി. ഛത്തീസ്ഗഡിലും പശ്ചിമ ബംഗാളിലുമാണ് മാവോയിസ്റ്റ് ആക്രമണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജമ്മു കശ്മീരില്‍ ഉണ്ടാകുന്ന ഭീകരാക്രമണത്തില്‍ 24 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ആക്രമണങ്ങളില്‍ ജനങ്ങള്‍ കൊല്ലപ്പെടുത്ത് 89ശതമാനം വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 860 ഭീകരാക്രമണങ്ങളില്‍ കാല്‍ഭാഗത്തോളം ജമ്മു കശ്മീരില്‍ നിന്ന് മാത്രമാണ്.  ഇന്ത്യയിലുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ എല്ലാം പാകിസ്ഥാന്‍ സ്‌പോണ്‍സേര്‍ഡ് ഭീകരാക്രമണങ്ങളാണെന്നും പാക് അനുകൂല സംഘടനകളും സൈന്യവുമാണ് ഇതിന് മുതല്‍ മുടക്കുന്നതെന്നും പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. 

കഴിഞ്ഞ വര്‍ഷം മാത്രം ലോകത്ത് 8,584 ഭീകരാക്രമണങ്ങള്‍ ഉണ്ടായെന്നും ഇതില്‍ 18,753 പേര്‍ കൊല്ലപ്പെടുകയും 19,461 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ കണക്കുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com