ഞങ്ങള്‍ യുദ്ധത്തിന് തയ്യാര്‍; കരസേന മേധാവിക്ക് മറുപടിയുമായി പാകിസ്ഥാന്‍ സൈന്യം
By സമകാലികമലയാളം ഡെസ്‌ക് | Published: 23rd September 2018 12:08 AM |
Last Updated: 23rd September 2018 12:08 AM | A+A A- |

ഇസ്‌ലാമാബാദ്: പാകിസ്ഥാന്റെ കാടത്തിന് മറുപടി നല്‍കാന്‍ സമയമായെന്ന ഇന്ത്യന്‍ കരസേന മേധാവി ബിപിന്‍ റാവത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാകിസ്ഥാന്‍ സൈന്യം.പാകിസ്ഥാന്‍ യുദ്ധത്തിന് തയ്യാറാണെന്നും എന്നാല്‍ മേഖലയിലേയും അയല്‍ക്കാരുടെയും പാകിസ്ഥാനിലെ ജനങ്ങളുടെയും താത്പര്യം കണക്കിലെടുത്ത് സമാധാനത്തിന്റെ മാര്‍ഗത്തില്‍ മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുയാണെന്നും പാകിസ്ഥാന്‍ കരസേന വക്താവ് പറഞ്ഞു. പാക് ഡാണ്‍ പത്രമാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ കാണിക്കുന്ന ക്രൂര നടപടികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കേണ്ട സമയം ഇതാണെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു. തീവ്രവാദികളും പാകിസ്താന്‍ സൈന്യവും ചെയ്യുന്ന കിരാതമായ പ്രവര്‍ത്തികള്‍ക്കെതിരേ ശക്തമായ നടപടികള്‍ നമ്മള്‍ സ്വീകരിക്കണം. അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഏറ്റവും ശക്തമായ സമയം ഇതാണ്. അവര്‍ ചെയ്തതുപോലെ പ്രാകൃതവും പൈശാചികവുമായി മറുപടി നല്‍കണമെന്നല്ല പറയുന്നത്. പക്ഷേ, മറുപക്ഷത്തിനും നാം അനുഭവിച്ച വേദന അതേ തീവ്രതയില്‍ അനുഭവപ്പെടണംഅദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തീവ്രവാദവും സമാധാനചര്‍ച്ചകളും ഒരുമിച്ച് മുന്നോട്ട് പോവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് കരസേന മേധാവിയും ആവര്‍ത്തിച്ചു. സമാധാനചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള തന്റെ ആഹ്വാനത്തോട് ധിക്കാരപരവും നിഷേധാത്മകവുമായ പ്രതികരണം ഇന്ത്യ സ്വീകരിച്ചതില്‍ നിരാശയുണ്ടെന്ന പാകിസ്ഥാന്‍ പ്രധാമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രതികരണം വന്നതിന് പിന്നാലെയാണ് കരസേന മേധാവി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കശ്മീരില്‍ പാകിസ്ഥാന്‍ സൈന്യം ബിഎസ്എഫ് ജവാന്റെ തലവെട്ടി മാറ്റി ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായത്.