ഭര്‍ത്താവിന് സൗന്ദര്യം പോര; ചുംബിക്കുന്നതിനിടെ ഗര്‍ഭിണിയായ ഭാര്യ യുവാവിന്റെ നാക്ക് കടിച്ചുമുറിച്ചു

പകുതിയോളം നാവ് മുറിഞ്ഞുപോയതിനെ തുടര്‍ന്ന് യുവാവിന്റെ സംസാര ശേഷി നഷ്ടമായി
ഭര്‍ത്താവിന് സൗന്ദര്യം പോര; ചുംബിക്കുന്നതിനിടെ ഗര്‍ഭിണിയായ ഭാര്യ യുവാവിന്റെ നാക്ക് കടിച്ചുമുറിച്ചു

ന്യൂഡല്‍ഹി: ചുംബിക്കുന്നതിനിടെ ഗര്‍ഭിണിയായ ഭാര്യ യുവാവിന്റെ നാവ് കടിച്ചു മുറിച്ചു. ഭര്‍ത്താവിന് സൗന്ദര്യം കുറവാണെന്ന് ആരോപിച്ചാണ് യുവതി ഭര്‍ത്താവിന്റെ നാവ് കടിച്ചുപറിച്ചത്. പകുതിയോളം നാവ് മുറിഞ്ഞുപോയതിനെ തുടര്‍ന്ന് യുവാവിന്റെ സംസാര ശേഷി നഷ്ടമായി. ഡല്‍ഹി സ്വദേശി കരണ്‍ സിങ്ങാണ് ഭാര്യയുടെ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തില്‍ 22 കാരിയായ ഭാര്യ കാജലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവിന് സൗന്ദര്യം കുറവാണെന്ന കാര്യത്തില്‍ കാജലിന് അസന്തുഷ്ടിയുണ്ടായിരുന്നുവെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. ഇരുവരും കലഹിക്കുന്നത് പതിവായിരുന്നു. സംഭവം നടന്ന ശനിയാഴ്ച രാത്രിയും ഇരുവരും വഴക്കിട്ടു. എന്നാല്‍ പ്രശ്‌നം പരിഹരിച്ച ശേഷം കരണും കാജലും ഉറങ്ങാനായിപ്പോയി. 

അതിന് ശേഷമാണ് സംഭവമുണ്ടാകുന്നത്. ചുംബിക്കുന്നതിനിടെ കാജല്‍ 22 കാരനായ ഭര്‍ത്താവിന്റെ നാവ് കടിച്ചു മുറിക്കുകയായിരുന്നു. അര്‍ധരാത്രിയോടെ നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ കണ്ടത് വായില്‍ നിന്ന് ചോരയൊലിപ്പിച്ച് നില്‍ക്കുന്ന കരണിനെയാണ്. സംഭവം പൊലീസിന് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോയത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ഇയാളുടെ സംസാരശേഷി തിരികെ കിട്ടാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

എട്ടുമാസം ഗര്‍ഭിണിയാണ് കാജല്‍. ക്രിമിനല്‍ നിയമം 326 വകുപ്പ് പ്രകാരമാണ് കാജലിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 2016 ലാണ് കരണും കാജലും വിവാഹിതരായത്. കരണ്‍ തെരുവു കലാകാരനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com