ജനപ്രതിനിധികള്‍ മുഴുവന്‍ സമയ ജോലിക്കാരല്ല ; അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതിന് വിലക്കില്ലെന്ന് സുപ്രീംകോടതി

ജനപ്രതിനിധികളുടെ പ്രാക്ടീസ് വിലക്കണമെന്ന ആവശ്യത്തെ കേന്ദ്രസര്‍ക്കാരും കോടതിയില്‍ എതിര്‍ത്തു
ജനപ്രതിനിധികള്‍ മുഴുവന്‍ സമയ ജോലിക്കാരല്ല ; അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതിന് വിലക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി :  ജനപ്രതിനിധികള്‍ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ജനപ്രതിനിധികള്‍ മുഴുവന്‍ സമയ വേതനം പറ്റുന്ന ജോലിക്കരല്ല. അതിനാല്‍ അവര്‍ അഭിഭാഷകരായി  പ്രാക്ടീസ് ചെയ്യുന്നത് വിലക്കാനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. 

എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയ ജനപ്രതിനിധികള്‍ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനികുമാര്‍ ഉപാധ്യായയാണ് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. പൊതുപ്രവര്‍ത്തകര്‍, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, ജുഡീഷ്യറി അംഗങ്ങള്‍ എന്നിവര്‍ സമാന്തരമായി മറ്റു പ്രൊഫഷണുകളില്‍ പ്രാക്ടീസ് ചെയ്യുന്നത് വിലക്കണം, ഇത് കുറ്റകരമായ നടപടിയായി പ്രഖ്യാപിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഉപാധ്യായ ഹര്‍ജിയില്‍ ഉന്നയിച്ചത്. 

ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ജനപ്രതിനിധികള്‍ പ്രാക്ടീസ് ചെയ്യുന്നത് വിലക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കോടതി ബാര്‍ കൗണ്‍സിലിന്റെ അഭിപ്രായം തേടിയിരുന്നു. പ്രത്യേക ഉപസമിതി രൂപീകരിച്ച ബാര്‍ കൗണ്‍സില്‍, ജനപ്രതിനിധികള്‍ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതില്‍ തെറ്റില്ലെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ജനപ്രതിനിധികളുടെ പ്രാക്ടീസ് വിലക്കണമെന്ന ആവശ്യത്തെ കേന്ദ്രസര്‍ക്കാരും കോടതിയില്‍ എതിര്‍ത്തു. എംപിമാരുടെയോ, എംഎല്‍എമാരുടെയോ മുഴുവന്‍ സമയ പ്രതിഫലം ലഭിക്കുന്ന ജോലിയല്ല. അതിനാല്‍ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നത് വിലക്കുന്നത് നീതീകരിക്കാവുന്നതല്ലെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com