ദിനാജ്പൂര്‍ സംഘര്‍ഷം : നാളെ ബിജെപിയുടെ ബംഗാള്‍ ബന്ദ് ; ജനം തള്ളിക്കളയുമെന്ന് മമത സര്‍ക്കാര്‍

നാളെ 12 മണിക്കൂര്‍ ബന്ദിനാണ് ബിജെപി ആഹ്വാനം ചെയ്തിട്ടുള്ളത്
ദിനാജ്പൂര്‍ സംഘര്‍ഷം : നാളെ ബിജെപിയുടെ ബംഗാള്‍ ബന്ദ് ; ജനം തള്ളിക്കളയുമെന്ന് മമത സര്‍ക്കാര്‍


കൊല്‍ക്കത്ത : ദിനാജ്പൂര്‍ ജില്ലയിലെ ഇസ്ലാംപൂരിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ വെടിയേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാളില്‍ ബിജെപി ബന്ദിന് ആഹ്വാനം ചെയ്തു. നാളെ 12 മണിക്കൂര്‍ ബന്ദിനാണ് ബിജെപി ആഹ്വാനം ചെയ്തിട്ടുള്ളത്. നോര്‍ത്ത് ദിനാജ്പൂരില്‍ വ്യാഴാഴ്ചയായിരുന്നു സംഘര്‍ഷം ഉണ്ടായത്. 

അതേസമയം ബന്ദ് ജനജീവിതം തടസ്സപ്പെടുത്താതിരിക്കാന്‍ എല്ലാവിധ മുന്‍കരുതലും സ്വീകരിക്കുമെന്ന് മമത സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ ബസുകള്‍ പതിവുപോലെ നിരത്തിലിറക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസുകളില്‍ എത്തണമെന്ന് ഉത്തരവ് പുറപ്പെടുവിക്കും. സ്വകാര്യ സ്‌കൂളുകളും കച്ചവട സ്ഥാപനങ്ങളും പതിവുപോലെ പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെടുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും സംസ്ഥാന മന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജി വ്യക്തമാക്കി. 

നോര്‍ത്ത് ദിനാജ്പൂരിലെ ഇസ്ലാംപൂരില്‍ ദാരിബിട സ്‌കൂളില്‍ പുതുതായി ഉര്‍ദു അധ്യാപികയെ നിയമിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധത്തിന് തുടക്കം. സ്‌കൂളില്‍ സയന്‍സ്, ഇംഗ്ലീഷ് ടീച്ചര്‍മാരെ അടിയന്തരമായി നിയമിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധം പൊലീസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ വെടിയേറ്റ് മരിക്കുകയായിരുന്നു. 

അതിനിടെ, ബിജെപി ബന്ദിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഓള്‍ ഇന്ത്യ മൈനോറിറ്റി ഫോറമാണ് ഹൈക്കോടതിയെ സമീപിച്ചത്. ബന്ദ് പിന്‍വലിക്കാന്‍ ബിജെപിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com