'നിങ്ങളെ ഞങ്ങള്‍ സീലിങ് ഓഫീസറാക്കാം'; എംപി എന്നാല്‍ എന്തും ചെയ്യാം എന്നല്ല; ബിജെപി അധ്യക്ഷന് എതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

കോടതി നിര്‍ദേശപ്രകാരം സീല്‍ ചെയ്ത കെട്ടിടത്തിന്റെ പൂട്ട് പൊളിച്ച ഡല്‍ഹി ബിജെപി അധ്യക്ഷന് എതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം
'നിങ്ങളെ ഞങ്ങള്‍ സീലിങ് ഓഫീസറാക്കാം'; എംപി എന്നാല്‍ എന്തും ചെയ്യാം എന്നല്ല; ബിജെപി അധ്യക്ഷന് എതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: കോടതി നിര്‍ദേശപ്രകാരം സീല്‍ ചെയ്ത കെട്ടിടത്തിന്റെ പൂട്ട് പൊളിച്ച ഡല്‍ഹി ബിജെപി അധ്യക്ഷന് എതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഡല്‍ഹിയില്‍ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ സീല്‍ ചെയ്യാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങള്‍ തടസ്സപ്പെടുത്തിയതിന് തിവാരിയോട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. നിയമവ്യവസ്ഥ കയ്യിലെടുക്കാന്‍ എംപിയെന്ന നിലയില്‍ സ്വാതന്ത്ര്യം തന്നിട്ടില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കെട്ടിടം സീല്‍ ചെയ്യുന്നത് തടഞ്ഞതിന്റെ പേരില്‍ കിവാരിക്ക് എതിരെ ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

പ്രദേശത്ത് അനധികൃതമായി നിര്‍മ്മിച്ച 1000 വീടുകളുണ്ടെന്നും അതൊന്നും പൂട്ടാതെ ഈ വീടിനെ മാത്രം ലക്ഷ്യംവയ്ക്കുകയാണ് എന്നുമുള്ള മാധ്യമങ്ങളിലൂടെയുള്ള തിവാരിയുടെ പ്രതികരണത്തില്‍ തെളിവുകള്‍ അടക്കമുള്ള സത്യവാങ്മൂലം നല്‍കാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. 

സത്യവാങ്മൂലത്തില്‍ 1000 കെട്ടിടങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ടാകണം. എന്നിട്ട് നിങ്ങളത് സീല്‍ ചെയ്യണം, ഞങ്ങള്‍ നിങ്ങളെ സീലിങ് ഓഫീസറാക്കാം-കേസ് പരിഗണിച്ച മൂന്നംഗ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ പറഞ്ഞു. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അബ്ദുള്‍ നാസര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. 

അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ സീല്‍ ചെയ്യാന്‍ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സീലിങ് നടപടികള്‍ തടസ്സപ്പെടുത്തിയ തിവാരിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്ന് ചൂണ്ടിക്കാട്ടി മോട്ടിട്ടറിങ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേലായിരുന്നു കോടതിയുടെ വിമര്‍ശനം. 

സീല്‍ ചെയ്ത പൂട്ട് തിവാരി പൊളിച്ചിട്ടില്ലെന്നും ഒരു എംപി എന്ന നിലയില്‍ സീലിങ് നടപടികള്‍ക്കെതിരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും മനോജ് തിവാരിക്ക് വേണ്ടി ഹാജരായ അഡ്വ.വികാസ് സിങ് വാദിച്ചു. മനോജ് തിവാരിയും കോടതിയില്‍ ഹാജരായിരുന്നു. 

തിവാരിയുടെ പ്രതികരണത്തിന്റെ സിഡി കണ്ടോയെന്നും അതില്‍ നിയമവിരുദ്ധമായി ആയിരം കെട്ടിടങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നുണ്ടെന്നും കോടതി വികാസ് സിങിനോട് പറഞ്ഞു. മനോജ് തിവാരി ഒരു പാര്‍മെന്റ് അംഗമാണ്. അത് നിയം കയ്യിലെടുക്കാനുള്ള അധികാരം നല്‍കുന്നതല്ല-സുപ്രീംകോടതി പറഞ്ഞു. കേസിന്റെ അടുത്ത ഹിയറിങ് ആയ ഒക്ടോബര്‍ മൂന്നിന് വീണ്ടും ഹാജരാകന്‍ തിവാരിയോട് കോടതി ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com