വടക്കെ ഇന്ത്യയില്‍ കനത്ത മഴ, മണ്ണിടിച്ചില്‍; 11 മരണം; 43 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു

വടക്കെ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി രണ്ട് ദിവസത്തിനിടെ 11 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍
വടക്കെ ഇന്ത്യയില്‍ കനത്ത മഴ, മണ്ണിടിച്ചില്‍; 11 മരണം; 43 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു

ഷിംല: വടക്കെ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി രണ്ട് ദിവസത്തിനിടെ 11 പേര്‍  മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കനത്ത മഴയെ തുടര്‍ന്ന് പഞ്ചാബിലും, കുളുവിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ സൈന്യത്തോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശിച്ചു.

മണാലിയില്‍ കനത്ത മണ്ണിടിച്ചിലില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. 43 മലയാളികള്‍ കുടുങ്ങിയെന്നാണു പ്രാഥമിക വിവരം. പാലക്കാട് നിന്നുള്ള 30 പേരും തിരുവനന്തപുരത്ത് നിന്നുള്ള13 പേരുമാണ് കുടുങ്ങിയത്. മലയാളികളെല്ലാം സുരക്ഷിതരാണെന്ന്  മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

കനത്ത മഴയെത്തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലില്‍ ബദ്രിനാഥ്, കേദാര്‍നാഥ്, യമുനോത്രി എന്നിവിടങ്ങളിലെ റോഡുകള്‍ അടച്ചു. ഹിമാചലിലെ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. ഇത് ചൊവ്വാഴ്ച പഞ്ചാബിലെ വിവിധ മേഖലകളെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിമാചലിലെ റോഡുകളും പാലങ്ങളും ഒലിച്ചുപോയതോടെ മണാലിയും ഒറ്റപ്പെട്ടു. കുളുവിലും മണാലിയിലും മാത്രം മൂന്ന് പ്രധാന പാലങ്ങള്‍ ഒലിച്ചുപോയിട്ടുണ്ട്. 

കുളുവില്‍ 121 മില്ലിമീറ്ററും കാന്‍ഗ്രയില്‍ 120 മില്ലിമീറ്ററും മഴ പെയ്തതായാണ് കണക്കുകള്‍. കഴിഞ്ഞ 48 മണിക്കൂറിനിടെ കുളു ജില്ലയിലെ ദോബിയില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങി കിടന്ന 21 പേരെ സൈന്യം വിമാനം ഉപയോ?ഗിച്ച് രക്ഷപ്പെടുത്തി.കാന്‍ഗ്ര, ചമ്പ, കുളു, മണ്ഡി എന്നീ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഉത്തരാഖണ്ഡിലും മഴ സാരമായി ബാധിച്ചു. വെള്ളപ്പൊക്കം മൂലം ഡറാഡൂണില്‍ 45 ഓളം റോഡുകള്‍ തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു.  

രണ്ട് ദിവസമായി ശക്തമായി മഴ തുടരുന്ന പഞ്ചാബിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. കൂടാതെ ഷിംല, കാന്‍ഗ്ര, കുളു, സിര്‍മൗര്‍, കിന്നൗര്‍, സൊലാന്‍, ഹാമിര്‍പൂര്‍, ചമ്പ, മാണ്ഡി തുടങ്ങി12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com