ഇനിയും പലായനം ചെയ്യാന്‍ ഞങ്ങളില്ല; ഡാമിന് വേണ്ടി കുടിയിറക്കപ്പെട്ട ആദിവാസി ജനത ബുള്ളറ്റ് ട്രെയിന്റെ പേരില്‍ വീണ്ടും കുടിയിറക്ക് ഭീഷണിയില്‍

വികസനത്തിന്റെ പേരില്‍ സ്വന്തം മണ്ണില്‍ നിന്നിറങ്ങിപ്പോകേണ്ടി വരുന്ന ജനതയുടെ ദുരിതം മാറുന്നില്ല.
ഇനിയും പലായനം ചെയ്യാന്‍ ഞങ്ങളില്ല; ഡാമിന് വേണ്ടി കുടിയിറക്കപ്പെട്ട ആദിവാസി ജനത ബുള്ളറ്റ് ട്രെയിന്റെ പേരില്‍ വീണ്ടും കുടിയിറക്ക് ഭീഷണിയില്‍

ദ്യം ഡാമിന് വേണ്ടി കുടിയിറക്കപ്പട്ടു, ഇപ്പോള്‍ ബുള്ളറ്റ് ട്രെയിന് വേണ്ടി കുടിയിറക്കാന്‍ ശ്രമിക്കുന്നു. വികസനത്തിന്റെ പേരില്‍ സ്വന്തം മണ്ണില്‍ നിന്നിറങ്ങിപ്പോകേണ്ടി വരുന്ന ജനതയുടെ ദുരിതം മാറുന്നില്ല. മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയിലെ ഹനുമാന്‍ നഗറിലുള്ള 2000ത്തോളം ആദിവാസി കുടുംബങ്ങളാണ് മുബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ പേരില്‍ കുടിയിറക്ക് ഭീഷണി നേരിടുന്നത്. 36 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1982ല്‍ സൂര്യാ നദിയിലെ ഡാം പദ്ധതിക്ക് വേണ്ടി സ്വന്തം ഭൂമിവിട്ടിറങ്ങി വന്ന ജനതയോടാണ് സര്‍ക്കാര്‍ വീണ്ടും സ്ഥലമൊഴിഞ്ഞു കൊടുക്കണം എന്ന് കല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോഴുള്ള സ്ഥലം വിട്ട് എങ്ങോട്ടേക്കും പോകില്ല എന്ന ഉറച്ച നിലപാടിലാണ് ഈ കുടുംബങ്ങള്‍. 

സൂര്യാ നദീതീരത്തെ  സാവ എന്ന ഗ്രാമത്തില്‍ നിന്നാണ് ഇവര്‍ ആദ്യം കുടിയിറക്കപ്പെട്ടത്. സാവയില്‍നിന്ന് മുപ്പതു കിലോമീറ്റര്‍ മാറിയാണ് ഇപ്പോള്‍ താമസിക്കുന്ന ഹനുമാന്‍ നഗര്‍. ഇവിടെ നിന്ന് ഇനി മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. ചിലര്‍ക്കെങ്കിലും സ്വന്തംപേരില്‍ ഇവിടെ ഭൂമിയുണ്ട്. കിട്ടിയ ഭൂമിയില്‍ ഒരായുഷ്‌കാലം മുഴുവന്‍ അധ്വാനിച്ച് കെട്ടിപ്പൊക്കിയ വീടുകളും കൃഷിയും ഉപേക്ഷിച്ച് തങ്ങള്‍ പോകില്ലായെന്നാണ് ഇവര്‍ പറയുന്നത്. 

ഇപ്പോഴും ഒരു വലിയ വിഭാഗത്തിന് ഭൂമി പതിച്ചു ലഭിച്ചിട്ടില്ല. മറ്റു പ്രാഥമിക സൗകര്യങ്ങള്‍ ഒന്നുംതന്നെ ഇവിടെയില്ല. ഡോക്ടറും നഴ്‌സുമില്ലാത്ത പഴകിയ ഒരു പ്രാഥമികാരോഗ്യ കേന്ദ്രം മാത്രമാണുള്ളത്. കുട്ടികള്‍ പഠിക്കാനായി കിലോമീറ്ററുകള്‍ താണ്ടിയാണ് പോകുന്നത്. 

ഭൂമിയൊഴിഞ്ഞു കൊടുത്താല്‍ കൂടുതല്‍ മെച്ചപ്പെട്ട സംവിധാനങ്ങളുള്ള ഇടം നല്‍കാമെന്ന അധികൃതരുടെ വാഗ്ദാനങ്ങളെല്ലാം ഗ്രാമവാസികള്‍ തള്ളിക്കളഞ്ഞു. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് വേണ്ടി ഭൂമിയേറ്റെടുക്കാന്‍ സര്‍വേക്കെത്തിയ സംഘത്തെ ഗ്രാമത്തിലേക്ക് കടക്കാന്‍ സമ്മതിക്കാതെ സ്ത്രീകള്‍ കാവല്‍ നില്‍ക്കുകയാണ്. ഇവരെ മറികടന്ന് പ്രവേശിക്കാന്‍ ശ്രമിച്ച ഒരു സംഘത്തിന് സ്ത്രീകളുടെ കയ്യിലെ ചൂട് ശരിക്കും അറിയേണ്ടിയും വന്നു. 

സൂര്യാ ഡാം വന്നുകഴിഞ്ഞാല്‍ കൃഷിയാവശ്യങ്ങള്‍ക്കും കുടിക്കാനുമായി വെള്ളം നല്‍കുമെന്നായിരുന്നു അധികാരികളുടെ ഉറപ്പ്. എന്നാല്‍ ഇതുവരെയായിട്ടും ഒരുതുള്ളി വെള്ളം ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു. 

'കുടിവെള്ള ക്ഷാമം ഇവിടെ വലിയ പ്രശ്‌നമാണ്. ഗര്‍ഭിണികളും അസുഖ ബാധിതരും മോട്ടോര്‍ സൈക്കിളില്‍ കയറി 30-35 കിലോമീറ്റര്‍ താണ്ടിവേണം ആശുപത്രിയില്‍ പോകാന്‍'- ഗുലാബ് ദേവിയെന്ന സ്ത്രീ പറയുന്നു. 

സംസാരശേഷിയില്ലാത്ത ഗുലാബ് ദേവിയുടെ മകന് ഭിന്നശേഷി സര്‍ട്ടിഫിക്കേറ്റ് ലഭിച്ചിട്ടില്ല. കാരണമായി അധികൃതര്‍ പറയുന്നത് മേല്‍വിലാസമില്ലാത്തതുകൊണ്ട് സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ സാധിക്കില്ല എന്നാണ്. 

'ഞങ്ങളുടെ കുട്ടികളെ കമ്പ്യൂട്ടര്‍ പഠിപ്പിക്കാമെന്നും കളിസ്ഥലങ്ങള്‍ നിര്‍മ്മിച്ചു നല്‍കാമെന്നും കുലദൈവമായ ബാഘയ്ക്ക് വേണ്ടി ക്ഷേത്രം നിര്‍മ്മിച്ചു നല്‍കാമെന്നും അധികാരികള്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട്. നാല് പതിറ്റാണ്ടായി ഞങ്ങള്‍ എല്ലാത്തിനേയും അതിജീവിച്ചു. ഇനിയും ഞങ്ങള്‍ അതിജീവിക്കും, ഒരുതരി മണ്ണുപോലും ഇനി ഞങ്ങള്‍ വിട്ടുതരില്ല'- ഗുലാബ് ദേവി പറയുന്നു. 

കൃഷിക്ക് അനിയോജ്യമല്ലാത്ത ഭൂമിയാണ് സര്‍ക്കാര്‍ തങ്ങള്‍ക്ക് നല്‍കിയതെന്ന് ഭൂരിപക്ഷം കര്‍ഷകരും സാക്ഷ്യപ്പെടുത്തുന്നു. 'കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടയില്‍ ഈ ഭൂമിയില്‍ ഒന്നുംതന്നെ വിളഞ്ഞിട്ടില്ല. ഈ മണ്ണ് കൃഷിക്ക് യോഗ്യമാക്കാന്‍ ഞങ്ങള്‍ കഠിനാധ്വാനം ചെയ്യുകയാണ്. ഇപ്പോള്‍ ചെറിയ വിളവെടുപ്പൊക്കെ ലഭിച്ചുതുടങ്ങിയപ്പോള്‍ അവര്‍ വീണ്ടും ഞങ്ങളെ കുടിയൊഴിപ്പിക്കാന്‍ എത്തിയിരിക്കുയാണ്. ഞങ്ങള്‍ പാവപ്പെട്ട ആദിവാസികളായതുകൊണ്ടാണ് ഈ ക്രൂരത?'- കര്‍ഷകനായ സന്ദീപ് അഹാഡി ചോദിക്കുന്നു. 

'യുവാക്കളില്‍ ഭൂരിഭാഗവും പന്ത്രണ്ടാം ക്ലാസും ബിരുദവും നേടിയവരാണ്. പക്ഷേ ഞങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കേറ്റില്ല. അതുകൊണ്ട് ഞങ്ങളുടെ ജീവിതം ഫാക്ടറികളില്‍ ഹോമിക്കപ്പെടുകയായാണ്. ഈ ഭൂമി ഞങ്ങളുടെ എല്ലാമാണ്, അത് നഷ്ടപ്പെടുത്തി ഇനി ഞങ്ങള്‍ എങ്ങോട്ടുമില്ല'-ഇരുപത്തിയഞ്ച് വയസ്സുകാരനായ രമേഷ് അഹാഡി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com