ക്രിമിലെയര്‍ എസ്‌സി, എസ്ടി സംവരണത്തിനും ബാധകം: സുപ്രിംകോടതി 

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംവരണത്തിന് ക്രിമിലെയര്‍ ബാധകമാണെന്ന് സുപ്രീംകോടതി
ക്രിമിലെയര്‍ എസ്‌സി, എസ്ടി സംവരണത്തിനും ബാധകം: സുപ്രിംകോടതി 

ന്യൂഡല്‍ഹി: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംവരണത്തിന് ക്രിമിലെയര്‍ ബാധകമാണെന്ന് സുപ്രീംകോടതി. ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരില്‍ ക്രിമിലെയര്‍ പരിധിയില്‍ ഉള്‍പ്പെടുന്നവരുടെ സംവരണം എടുത്തുകളയാന്‍ ഭരണഘടനാ കോടതിയ്ക്ക് അധികാരമുണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുളള ഭരണഘടനാബെഞ്ച് നിരീക്ഷിച്ചു. അതാത് വിഭാഗങ്ങള്‍ക്കിടയില്‍ തുല്യതയ്ക്ക് പ്രാധാന്യം നല്‍കി വേണം ക്രിമിലെയര്‍ പരിധി കോടതികള്‍ നിശ്ചയിക്കേണ്ടതെന്നും ജസ്റ്റിസ് റോഹിന്‍ടണ്‍ എഫ് നരിമാന്റെ വിധിപ്രസ്താവത്തില്‍ പറയുന്നു.

പരസ്പരം കൈപിടിച്ച് ഒരു ജനതയായി എല്ലാവര്‍ക്കും മുന്നേറാനുളള സാഹചര്യം ഒരുക്കുക എന്നതാണ് സംവരണം കൊണ്ട് ഉദേശിക്കുന്നത്. എന്നാല്‍ പിന്നോക്ക വിഭാഗത്തില്‍ ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തുന്ന ഒരു വിഭാഗം മാത്രം സര്‍ക്കാരിന്റെ ആനുകൂല്യം എല്ലാം നേടിയെടുക്കുന്ന അവസ്ഥ സംവരണത്തിന്റെ ഉദേശ്യലക്ഷ്യത്തെ തകിടംമറിക്കുമെന്നും കോടതി നിരീക്ഷിച്ചു. 

എസ് സി, എസ് ടി വിഭാഗത്തിന്റെ സംവരണത്തിന് ക്രിമിലെയര്‍ ബാധകമാക്കരുതെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം കോടതി തളളി. 2006ലെ എം നാഗരാജ കേസിലെ കോടതി വിധി പരിഗണിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യവും കോടതി നിരാകരിച്ചു. ക്രിമിലെയര്‍ നിര്‍വചിക്കുന്നതില്‍ അന്നത്തെ കോടതി വിധിയില്‍ അപാകതയില്ല. എന്നാല്‍ പിന്നോക്കാവസ്ഥ കണ്ടെത്തുന്നതിനുളള സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്ന നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 14,16 , 341, 342  അനുച്ഛേദങ്ങള്‍ അനുസരിച്ച് പ്രസിഡന്‍ഷ്യല്‍ പട്ടികയില്‍ നിന്ന് വ്യക്തികളെ ഒഴിവാക്കാന്‍ പാര്‍ലമെന്റിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com