ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ചീഫ് ജസ്റ്റിസായി നിയമിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി 

രാജ്യത്തിന്റെ 46 മത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഒക്ടാേബര്‍ മൂന്നിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ചീഫ് ജസ്റ്റിസായി നിയമിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി 


ന്യൂഡല്‍ഹി : ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ചീഫ് ജസ്റ്റിസാക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി. ഹര്‍ജി പരിഗണിക്കേണ്ടതായ മെറിറ്റ് ഇല്ലെന്നും, അതിനാല്‍ ഹര്‍ജി തള്ളുകയാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പ്രസ്താവിച്ചു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിച്ചതിനെതിരെ അഡ്വ. ആര്‍ പി ലൂത്രയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജസ്റ്റിസ് ചെലമേശ്വറിനൊപ്പം ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയിയും, മദന്‍ ബി ലോകൂറും കുര്യന്‍ ജോസഫും ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താസമ്മേളനം വിളിച്ച് പ്രതിഷേധിച്ചിരുന്നു. ഇത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള നീക്കമാണെന്നും, അതില്‍ പങ്കാളിയായ ആളെ ചീഫ് ജസ്റ്റിസ് ആക്കരുതെന്നുമായിരുന്നു പരാതിക്കാരന്റെ ആവശ്യം. 

കോടതിക്കുള്ളിലെ ആഭിപ്രായവ്യത്യാസങ്ങള്‍ പരസ്യപ്പെടുത്തി, നീതിന്യായ വ്യവസ്ഥയ്‌ക്കെതിരെ ജനരോഷം ഉയര്‍ത്താനാണ് ഇവര്‍ ശ്രമിച്ചതെന്നും പരാതിക്കാരനായ അഡ്വ ലൂത്ര അഭിപ്രായപ്പെട്ടു. ഗൊഗോയിയെ നിയമിക്കരുതെന്ന് ആവശ്യപ്പെട്ട് അഡ്വ. സത്യവീര്‍ ശര്‍മ്മ എന്നയാളും കോടതിയെ സമീപിച്ചിരുന്നു. 

തന്റെ പിന്‍ഗാമിയായി നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ജസ്റ്റിസ് ഗൊഗോയിയെ ശുപാര്‍ശ ചെയ്തത്. സുപ്രീംകോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയാണ് ജസ്റ്റിസ് ഗൊഗോയ്. ഗൊഗോയിയുടെ നിയമനത്തിന് രാഷ്ട്രപതിയും അംഗീകാരം നല്‍കി. 

രാജ്യത്തിന്റെ 46 മത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഒക്ടാേബര്‍ മൂന്നിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അസം സ്വദേശിയായ ഗൊഗോയ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുന്ന ആദ്യ വ്യക്തിയാണ്. 2019 നവംബര്‍ 17 വരെ ജസ്റ്റിസ് ഗൊഗോയിക്ക് ചീഫ് ജസ്റ്റിസ് പദവിയില്‍ കാലാവധിയുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com