ബംഗാളില്‍ ബിജെപി ബന്ദ് തള്ളി ജനങ്ങള്‍; ഓഫീസുകളും സ്‌കൂളുകളും തുറന്നുപ്രവര്‍ത്തിക്കുന്നു

പശ്ചിമ ബംഗാളില്‍ ബിജെപി ആഹ്വാനം ചെയ്ത ബന്ദിനോട് സഹകരിക്കാതെ ജനങ്ങള്‍
ബംഗാളില്‍ ബിജെപി ബന്ദ് തള്ളി ജനങ്ങള്‍; ഓഫീസുകളും സ്‌കൂളുകളും തുറന്നുപ്രവര്‍ത്തിക്കുന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി ആഹ്വാനം ചെയ്ത ബന്ദിനോട് സഹകരിക്കാതെ ജനങ്ങള്‍. കൊല്‍ക്കത്തയടക്കമുള്ള വലിയ നഗരങ്ങളെ ബന്ദ് ബാധിച്ചിട്ടില്ല. എന്നാല്‍ ചിലയിടങ്ങളില്‍ ബന്ദ് അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടു. കഴിഞ്ഞയാഴ്ച ഇസ്‌ലാംപൂരിലുണ്ടായ പൊലീസ് വെടിവയ്പില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ബിജെപി ബന്ദ് നടത്തുന്നത്. രാജേഷ് സര്‍ക്കാര്‍,തപസ് ബര്‍മന്‍ എന്നീ വിദ്യാര്‍ത്ഥികളാണ് പൊലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്. 

പുരുലിയ,ഹൗറ, ഹൂഗ്ലി, വെസ്റ്റ് മിഡ്‌നാപ്പൂര്‍ ജില്ലകളില്‍  ബിജെപി പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ബസ്സുകള്‍ കത്തിച്ചു. റെയില്‍വെ സ്റ്റേഷനുകള്‍ ഉപരോധിക്കാനും ശ്രമം നടന്നു. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടപ്പിക്കാനുള്ള ബിജെപി പ്രവര്‍ത്തകരുടെ ശ്രമം വിജയിച്ചില്ല. സംസ്ഥാനത്ത് ഭൂരിഭാഗം പ്രദേശങ്ങളിലും സ്‌കൂളുകളും കോളജുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. കനത്ത പൊലീസ് സുരക്ഷയിലാണ് സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. കടകളും സ്വകാര്യ സ്ഥാപനങ്ങളും അടപ്പിക്കാനുള്ള ബിജെപി പ്രവര്‍ത്തകരുടെ ശ്രമവും വിജയിച്ചില്ല. 

ഹൗറയില്‍ ഒമ്പതോളം ബസ്സുകളും അവയുടെ ഡ്രൈവര്‍മാരും ആക്രമിക്കപ്പെട്ടു. അസ്വാഭാവികമായ എന്തെങ്കിലും സംഭവിച്ചാല്‍ തൃണമൂല്‍ കോണ്‍ഗ്രസും പൊലീസുമാണ് ഉത്തരവാദികള്‍ എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു. 

പലയിടങ്ങളിലും ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍മുണ്ടായി. കൊല്‍ക്കത്തയില്‍ പ്രതിഷേധിക്കാനെത്തിയ ബിജപി പ്രവര്‍ത്തകരെ തൃണമൂല്‍ അണികള്‍ തടഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com