ഇസ്ലാമില്‍ ആരാധനയ്ക്ക് പള്ളി അനിവാര്യമല്ല; ഇസ്മായില്‍ ഫാറൂഖി കേസിലെ വിധി പുനപ്പരിശോധിക്കേണ്ടതില്ലെന്ന് സുപ്രിം കോടതി

അയോധ്യാ ഭൂമിക്കേസിന്റെ തുടര്‍ നടപടികളില്‍ ഈ വിധിന്യായം ബാധകമാവില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍
ഇസ്ലാമില്‍ ആരാധനയ്ക്ക് പള്ളി അനിവാര്യമല്ല; ഇസ്മായില്‍ ഫാറൂഖി കേസിലെ വിധി പുനപ്പരിശോധിക്കേണ്ടതില്ലെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: ഇസ്ലാം മത വിശ്വാസിക്ക് ആരാധനയ്ക്ക് പള്ളി അനിവാര്യം അല്ലെന്ന വിധി പുനപ്പരിശോധിക്കേണ്ടതില്ലെന്ന് സുപ്രിം കോടതി. അയോധ്യ കേസുമായി ബന്ധപ്പെട്ട വിധിയില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നടത്തിയ പരാമര്‍ശം വിശാല ബെഞ്ച് പുനപ്പരിശോധിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. 

1993ലെ അയോധ്യ ആക്ട് ചോദ്യം ചെയ്ത് ഇസ്മായില്‍ ഫാറൂഖി നല്‍കിയ ഹര്‍ജിയിലെ വിധിയിലെ പരാമര്‍ശം വിശാല ബെഞ്ച് പുനപ്പരിശോധിക്കണമെന്ന ആവശ്യപ്പെട്ട് സുന്നി വഖഫ് ബോര്‍ഡാണ് കോടതിയെ സമീപിച്ചത്. ഇസ്ലാം മതവിശ്വാസ പ്രകാരം ആരാധനയ്ക്ക് പള്ളി അനിവാര്യമല്ലെന്നും തുറന്ന സ്ഥലത്തു പോലും നമാസ് അനുഷ്ഠിക്കാമെന്നുമായിരുന്നു അഞ്ചംഗ ബെഞ്ചിന്റെ വിധിയിലെ പരാമര്‍ശം. 

പള്ളികള്‍ ഇസ്ലാമിക വിശ്വാസത്തിന്റെ അനിവാര്യ ഭാഗമല്ലെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ച സാഹചര്യം പ്രധാനമാണെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടാണ് ഈ പരാമര്‍ശമുണ്ടായത്. സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതില്‍നിന്ന് ക്ഷേത്രത്തിനോ മസ്ജിദിനോ പള്ളിക്കോ സംരക്ഷണം കിട്ടില്ലെന്നാണ് വിധിയില്‍ വ്യ്ക്തമാക്കിയത്. അയോധ്യാ ഭൂമിക്കേസിന്റെ തുടര്‍ നടപടികളില്‍ ഈ വിധിന്യായം പ്രത്യാഘാതമുണ്ടാക്കില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ പറഞ്ഞു. 

മൂന്നംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് അശോക് ഭൂഷണും വിധിയില്‍ പുനപ്പരിശോധന വേണ്ടതില്ലെന്ന് വ്യക്തമാക്കിയപ്പോള്‍ ജസ്റ്റിസ് അബ്ദുല്‍ നസീര്‍ വിയോജന വിധി വായിച്ചു. പള്ളി ഇസ്ലാമിക വിശ്വാസത്തിന്റെ അവിഭാജ്യ ഭാഗമാണോയെന്നത് വിശാല ബെഞ്ചിനു വിടണമെന്ന് ജസ്റ്റിസ് നസീര്‍ പറഞ്ഞു. ഇസ്മായില്‍ ഫാറൂഖി കേസിലെ പരാമര്‍ശങ്ങള്‍ അയോധ്യാ ഭൂമിക്കേസില്‍ അലഹാബാദ് ഹൈക്കോടതി വിധിയെ സ്വാധീനിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് നസീര്‍ ചൂണ്ടിക്കാട്ടി.

അയോധ്യയിലെ തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ചു കൊണ്ടുള്ള 2010 ലെ അലഹാബാദ് ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോഴാണ് ഇസ്മായീല്‍ ഫാറൂഖി കേസിലെ വിധി പുനഃപരിശോധിക്കണം എന്ന ആവശ്യം സുന്നി വക്കഫ് ബോര്‍ഡും ചില മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടത്. ഇസ്മായീല്‍ ഫാറൂഖി കേസില്‍ തീര്‍പ്പായതിന് ശേഷമേ അയോധ്യ കേസ് കേള്‍ക്കാവു എന്നും വക്കഫ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. 

ഇസ്മായില്‍ ഫാറൂഖി വിധിയില്‍ പുനപ്പരിശോധനയില്ലെന്നു കോടതി വ്യക്താക്കിയതോടെ അയോധ്യാ ഭൂമിക്കേസില്‍ കേസില്‍ തുടര്‍നടപടികള്‍ക്കു സാഹചര്യമൊരുങ്ങി. കേസ് ഒക്ടോബര്‍ 29ന് മൂന്നംഗ ബെഞ്ച് പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com