ശേഖരിച്ച വിവരങ്ങള്‍ എന്തുചെയ്യും?; ആധാറില്‍ ചോദ്യങ്ങളേറെ: ഹര്‍ജിക്കാര്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്

ആധാര്‍ വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്തണം എന്നാവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്
ശേഖരിച്ച വിവരങ്ങള്‍ എന്തുചെയ്യും?; ആധാറില്‍ ചോദ്യങ്ങളേറെ: ഹര്‍ജിക്കാര്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്

ന്യൂഡല്‍ഹി: ആധാര്‍ വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്തണം എന്നാവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്. ആധാര്‍ വിവരങ്ങള്‍ സ്വകാര്യ സംരംഭങ്ങളുമായി പങ്കുവയ്ക്കാന്‍ ആധാര്‍ നിയമത്തിലുള്ള വ്യവസ്ഥ ഭരണഘടനാ വിരുദ്ധമെന്നു വിധിച്ചെങ്കിലും, സ്വകാര്യ കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും മറ്റും ഇതുവരെ ലഭിച്ച വിവരങ്ങള്‍ക്ക് എന്തു സംഭവിക്കും? വിവരങ്ങളുടെ അനധികൃത ഉപയോഗം തടയാന്‍ എന്തു മാര്‍ഗം? ഈ ചോദ്യങ്ങള്‍ക്കൊന്നും ഭരണഘടനാ ബെഞ്ച് ഉത്തരം നല്‍കിയിട്ടില്ല. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജിക്കാര്‍ വീണ്ടും കോടതിയെ സമീപിക്കുന്നത്.

ആധാര്‍ നിയമത്തിലെ രണ്ട് സുപ്രധാന വകുപ്പുകള്‍ റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി ആധാറിന് അംഗീകാരം നല്‍കിയത്. സ്വകാര്യ കമ്പനികള്‍ക്ക് ആധാറിനായി ശേഖരിച്ച വിവരങ്ങള്‍ ആവശ്യപ്പെടാമെന്ന 55 ആം വകുപ്പ് കോടതി റദ്ദാക്കി. സ്വകാര്യ ബാങ്കുകള്‍ക്കുും ഈ ഉത്തരവ് ബാധകമാണ്. കൂടാതെ, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറുന്നതിലുള്ള ആധാറിലെ 33 ആം വകുപ്പുമാണ് കോടതി റദ്ദാക്കിയത്.

ഇതുവരെ ശേഖരിച്ച ഡേറ്റ ഒരു വര്‍ഷത്തേക്കു നശിപ്പിക്കരുത്. ഇക്കാലയളവില്‍, മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും പാടില്ല. ഒരു വര്‍ഷത്തിനുശേഷം, വിധിയില്‍ പറയുന്ന പ്രകാരം സര്‍ക്കാര്‍ നിയമം നിര്‍മിക്കുന്നില്ലെങ്കില്‍, ഡേറ്റ നശിപ്പിക്കണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വിധിന്യായത്തില്‍ പറയുന്നു. ആധാര്‍ പദ്ധതിയും നിയമവും ഭരണഘടനാ വിരുദ്ധമെന്നു വിധിച്ചശേഷമാണ് ചന്ദ്രചൂഡ് ഇങ്ങനെ പറഞ്ഞത്. എന്നാല്‍, പദ്ധതി ഭരണഘടനാ വിരുദ്ധമല്ലെന്നാണ് ഭൂരിപക്ഷ വിധി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com