ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക്; ഭേദ​ഗതിയ്ക്കൊരുങ്ങി കേന്ദ്ര സർക്കാർ

ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കരുതെന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്ര സർക്കാർ നീക്കം
ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക്; ഭേദ​ഗതിയ്ക്കൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽ​ഹി: ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കരുതെന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്ര സർക്കാർ നീക്കം. ബാങ്കുകള്‍ക്കും മൊബൈല്‍ കമ്പനികൾക്കും ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കാന്‍ അവസരമൊരുക്കുന്ന തരത്തിൽ നിയമം ഭേദ​ഗതി ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്. ഉപഭോക്താക്കളുടെ സൗകര്യത്തിനാണെന്നും വേഗത്തിലുള്ള സേവനം ഉറപ്പുവരുത്താനുമാണ് ഇതെന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നൽകുന്ന വിശദീകരണം. ഇത് സംബന്ധിച്ച് മന്ത്രി തലത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായും ഭേദഗതിക്ക് നിയമപരമായ സാധുത തേടുമെന്നും വിവിധ മന്ത്രാലങ്ങളെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആധാര്‍ ആക്ടിലെ സെക്ഷന്‍ 57 പ്രകാരമുള്ള വ്യക്തി വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ഉപയോഗിക്കാനുള്ള അനുവാദം സുപ്രീം കോടതി കഴിഞ്ഞ ദിവസം എടുത്തുകള‍ഞ്ഞിരുന്നു. നിലവില്‍ ആധാര്‍ ഉപയോഗിക്കാനുള്ള അനുമതിയല്ല സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയതെന്നും അത് ഉടമ്പടിയുടെ അടിസ്ഥാനത്തിലുള്ള അനുമതിയാണെന്നുമാണ് വിധിക്ക് ശേഷം കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി പ്രതികരിച്ചത്. നിയമപരമായി അതിനൊരു വ്യക്തത വന്നാല്‍ സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ പ്രശ്നങ്ങളുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

കോടതി റദ്ദാക്കിയത് സെക്ഷന്‍ 57 മാത്രമാണ്. അത് സ്വകാര്യ കമ്പനികളുമായുള്ള കരാറാണ്. നിയമപരമായി അത് തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാറിന്  കഴിയുമെന്നുമായിരുന്നു ഇലക്ട്രോണിക്സ് ആന്‍റ് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ പ്രതികരണം. ഇത്തരത്തില്‍ നിയമ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രത്തിന്‍റെ ശ്രമം.

38 ദിവസം നീണ്ട വാദത്തിന് ശേഷം ആധാറിന് ഭേദഗതികളോടെ സുപ്രീം കോടതി അംഗീകാരം നല്‍കുകയായിരുന്നു. ബാങ്ക് അക്കൗണ്ടിനും മൊബൈൽ കണക്ഷനും പ്രവേശന പരീക്ഷകൾക്കും സ്കൂൾ പ്രവേശനത്തിനും ആധാർ നിർബന്ധമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചായിരുന്നു വിധി പുറപ്പെടുവിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com