ഇന്ത്യ നിലപാട് കടുപ്പിക്കുന്നു?; സാര്‍ക്ക് സമ്മേളനത്തില്‍ നിന്ന് സുഷമാ സ്വരാജ് ഇറങ്ങിപ്പോയതായി റിപ്പോര്‍ട്ട്, കരുതലോടെ പ്രതികരിച്ച് പാകിസ്ഥാന്‍ 

പാകിസ്ഥാനുമായുളള ഉഭയകക്ഷി ബന്ധം തുടരാന്‍ താല്പര്യമില്ലെന്ന സൂചന വീണ്ടും നല്‍കി ഇന്ത്യ
ഇന്ത്യ നിലപാട് കടുപ്പിക്കുന്നു?; സാര്‍ക്ക് സമ്മേളനത്തില്‍ നിന്ന് സുഷമാ സ്വരാജ് ഇറങ്ങിപ്പോയതായി റിപ്പോര്‍ട്ട്, കരുതലോടെ പ്രതികരിച്ച് പാകിസ്ഥാന്‍ 

ന്യൂയോര്‍ക്ക്:  പാകിസ്ഥാനുമായുളള ഉഭയകക്ഷി ബന്ധം തുടരാന്‍ താല്പര്യമില്ലെന്ന സൂചന വീണ്ടും നല്‍കി ഇന്ത്യ. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ 73-ാം പൊതുസഭയുടെ ഭാഗമായി നടന്ന സാര്‍ക്ക് വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ നിന്ന് വിദേശകാര്യമന്ത്രി സുഷമാസ്വരാജ് ഇറങ്ങിപ്പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷിയാണ് പാകിസ്ഥാന്‍ പ്രതിനിധിയായി യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ ഈ ആരോപണം ഇന്ത്യ നിഷേധിച്ചു. അതാത് രാജ്യങ്ങളുടെ നിലപാടുകള്‍ അവതരിപ്പിച്ച ശേഷം ബഹുകക്ഷി ചര്‍ച്ചകളില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് പതിവാണെന്ന് ഇന്ത്യ വ്യക്തമാക്കി.

നേപ്പാളിന്റെ വിദേശകാര്യ മന്ത്രി പ്രദീപ്കുമാര്‍ ഗ്യാവാളി അധ്യക്ഷത വഹിച്ച സാര്‍ക്ക് വിദേശകാര്യമന്ത്രി തല അനൗപചാരിക ചര്‍ച്ചയില്‍ നിന്ന് സുഷമാ സ്വരാജ് ഇറങ്ങിപ്പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. യോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്
പങ്കെടുത്ത സുഷമാ സ്വരാജ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയശേഷം പുറത്തുപോകുകയായിരുന്നു. എന്നാല്‍ സുഷമയുടെ നിലപാടിനെ വിമര്‍ശിച്ച് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി മെഹമ്മൂദ് ഖുറേഷി രംഗത്തുവന്നു. സുഷമാ സ്വരാജുമായി ഒരുവിധത്തിലുമുളള കൂടിക്കാഴ്ചയും നടന്നില്ലെന്ന് വ്യക്തമാക്കിയ മെഹമ്മൂദ് ഖുറേഷി , യോഗമധ്യേ സുഷമാ സ്വരാജ് ഇറങ്ങിപ്പോയതിനെ
പോസിറ്റീവ് ആയി കണ്ട് പ്രതികരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു. ചില ശാരിരീക പ്രശ്‌നങ്ങള്‍ മൂലമാകാം അവര്‍ യോഗത്തിന്റെ ഇടയില്‍ വെച്ച് ഇറങ്ങിപ്പോയതെന്ന് കരുതാമെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

അതേസമയം ഇത്തരത്തിലുളള ഇറങ്ങിപ്പോക്ക്പതിവാണെന്ന് ഇന്ത്യന്‍ നയതന്ത്രപ്രതിനിധികള്‍ വ്യക്തമാക്കി. അതാത് രാജ്യത്തിന്റെ നയം വിശദീകരിച്ചശേഷം പ്രതിനിധി ഇറങ്ങിപ്പോകുന്നത് ബഹുകക്ഷി യോഗങ്ങളില്‍ സാധാരണമാണ്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നി രാജ്യങ്ങളിലെ പ്രതിനിധികളും സമാനമായ രീതിയില്‍ ഇറങ്ങിപ്പോയതായി ഇന്ത്യ അറിയിച്ചു.മന്ത്രിക്ക് തിരക്കിട്ട മറ്റു ചില പരിപാടികള്‍ ഉളളതുകൊണ്ടാണ് ഇറങ്ങിപ്പോയത്. അതേസമയം ഇന്ത്യയെ പ്രതിനിധികരിച്ച് വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ സാര്‍ക്ക് യോഗത്തില്‍ മുഴുവന്‍ നേരവും ഉണ്ടായിരുന്നതായും ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചു. 

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ ഭാഗമായി ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ജമ്മുകശ്മീരില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ കിരാതമായി പാകിസ്ഥാന്‍ വകവരുത്തിയതിനെ തുടര്‍ന്ന് ഇന്ത്യ ഏകപക്ഷീയമായി കൂടിക്കാഴ്ചയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com