വിയോജിക്കുന്ന ശബ്ദങ്ങളെ അടിച്ചമർത്തരുത് ; മഹാരാഷ്ട്ര പൊലീസിന്റെ അന്വേഷണം പക്ഷപാതപരം, വീണ്ടും വിയോജിപ്പുമായി ജസ്റ്റിസ് ചന്ദ്രചൂഡ്

മഹാരാഷ്ട്ര പൊലീസിന്റെ അന്വേഷണത്തിൽ ​ഗുരുതരമായ സംശയം ഉണ്ടെന്ന് സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
വിയോജിക്കുന്ന ശബ്ദങ്ങളെ അടിച്ചമർത്തരുത് ; മഹാരാഷ്ട്ര പൊലീസിന്റെ അന്വേഷണം പക്ഷപാതപരം, വീണ്ടും വിയോജിപ്പുമായി ജസ്റ്റിസ് ചന്ദ്രചൂഡ്

ന്യൂഡൽഹി : ഭീമ കൊറേ​ഗാവ് കലാപത്തിലെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള സാമൂഹ്യപ്രവർത്തകരുടെ അറസ്റ്റിൽ, മഹാരാഷ്ട്ര പൊലീസിന്റെ അന്വേഷണത്തിൽ ​ഗുരുതരമായ സംശയം ഉണ്ടെന്ന് സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. സാങ്കേതികതയുടെ പേരിൽ നീതി നിഷേധിക്കപ്പെടരുത്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഹർജികളല്ല സുപ്രിംകോടതിക്ക് മുന്നിലെത്തിയിട്ടുള്ളത്. കസ്റ്റഡിയിലുള്ള സുധ ഭരദ്വാജ് എഴുതിയതെന്ന് ആരോപിക്കപ്പെടുന്ന കത്ത് എങ്ങനെ മാധ്യമങ്ങൾക്ക് കിട്ടി. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നത് സ്വതന്ത്രമായ അന്വേഷണത്തെ ബാധിക്കില്ലേ ? മഹാരാഷ്ട്ര പൊലീസിന്റെ അന്വേഷണം സംശയം ജനിപ്പിക്കുന്നതാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വിയോജന വിധിയിൽ വ്യക്തമാക്കി. 

കേസിൽ ഇടപെടാനാകില്ലെന്നും, പൂനെ പൊലീസിന് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എഎം ഖാൻവിൽക്കറും വിധിയിൽ അഭിപ്രായപ്പെട്ടത്. എന്നാൽ ഇതിനോട് വിയോജിപ്പുണ്ടെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. മഹാരാഷ്ട്ര പൊലീസിന്റെ അന്വേഷണത്തിൽ സംശയമുണ്ട്.  കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിക്കണം. വിയോജിക്കുന്നു എന്നതിനാൽ എതിർ ശബ്ദങ്ങളെ അടിച്ചമർത്തരുതെന്നും വിധി പ്രസ്താവത്തിൽ ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. 

ഭീമ കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അഞ്ച് സാമൂഹ്യ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത കേസില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. കേസിൽ അറസ്റ്റിലായ  വരവരറാവു, അരുണ്‍ ഫെരാറേയ, വെര്‍നന്‍ ഗൊണ്‍സാല്‍വസ്, ഗൗതം നവ്‌ലാഖ, സുധാ ഭരദ്വാജ് എന്നിവരുടെ വീട്ടു തടങ്കല്‍ നാല് ആഴ്ച കൂടെ തുടരും. അന്വേഷണ നടപടികളുമായി പൂനെ പോലീസിന് മുന്നോട്ട് പോകാമെന്നും ഭൂരിപക്ഷ വിധിയിൽ സുപ്രിംകോടതി വ്യക്തമാക്കി. ചരിത്രകാരിയും ആക്ടിവിസ്റ്റുമായി റോമില ഥാപ്പര്‍, ചരിത്രകാരനും സാമ്പത്തിക വിദഗ്ധനുമായ പ്രഭാത് പട്നായിക്, സതീശ് ദേശ്പാണ്ഡേ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com