അമേഠി: വിള്ളല്‍ വീണ കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ട; കണക്കുകള്‍ പറയുന്നത്

2004മുതല്‍ രാഹുല്‍ ഗാന്ധി പ്രതിനിധാനം ചെയ്തുവരുന്ന മണ്ഡലത്തില്‍ പക്ഷേ മോദി  തരംഗം ആഞ്ഞുവീശിയ 2014ന് ശേഷം കോണ്‍ഗ്രസിന് അത്ര പന്തിയല്ല.
അമേഠി: വിള്ളല്‍ വീണ കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ട; കണക്കുകള്‍ പറയുന്നത്

കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ട എന്നാണ് ഉത്തര്‍പ്രദേശിലെ അമേഠി ജില്ല മുഴുവന്‍ പടര്‍ന്നുകിടക്കുന്ന അമേഠി ലോക്‌സഭ മണ്ഡലം അറിയപ്പെടുന്നത്. ഓരോതവണ ജനതാ പാര്‍ട്ടിയും  ബിജെപിയും വിജയിച്ചത് ഒഴിച്ചുനിര്‍ത്തിയാല്‍, കോണ്‍ഗ്രസിനും ഗാന്ധി കുടുംബത്തിനും ഒപ്പം നടന്നുകൊണ്ടിരിക്കുന്ന മണ്ഡലം. 

1981മുതല്‍ 1991ല്‍ മരണംവരെ രാഹുലിന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി അടക്കിവാണ മണ്ഡലം. 1999ല്‍ സോണിയ ഗാന്ധിയെ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചയച്ച മണ്ഡലം. 418,960വോട്ടായിരുന്നു സോണിയക്ക് ലഭിച്ചത്. അന്ന് ബിജെപി സ്ഥാനാര്‍ത്ഥി സഞ്ജയ് സിങിന് ലഭിച്ചത് 11,948വോട്ട്. 

2004മുതല്‍ രാഹുല്‍ ഗാന്ധി പ്രതിനിധാനം ചെയ്തുവരുന്ന മണ്ഡലത്തില്‍ പക്ഷേ മോദി  തരംഗം ആഞ്ഞുവീശിയ 2014ന് ശേഷം കോണ്‍ഗ്രസിന് അത്ര പന്തിയല്ല. 2009ലെ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത് 4,64,195 വോട്ടായിരുന്നെങ്കില്‍ 2014ല്‍ അത് 408651ആയി കുറഞ്ഞു. ഭൂരിപക്ഷം 107903. ബിജെപിയുടെ സ്മൃതി ഇറാനി നേടിയത് 300,748 വോട്ട്. രാഹുലിന് 46.71ശതമാനം വോട്ട് ലഭിച്ചപ്പോള്‍ സ്മൃതിക്ക് ലഭിച്ചത് 34.38ശതമാനം. 28.57ശതമാനത്തിന്റെ വര്‍ദ്ധനവ് ബിജെപിക്ക്. 

കൈപ്പത്തി താഴ്ന്നുപോയ നിയമസഭ തെരഞ്ഞെടുപ്പ്

ഇതിലും വലിയ ഞെട്ടലാണ് 2017ലെ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ രാഹുലിനെയും കോണ്‍ഗ്രസിനെയും കാത്തിരുന്നത്. ലോക്‌സഭ മണ്ഡലത്തിന് കീഴിലുള്ള അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ ഒന്നില്‍പ്പോലും കൈപ്പത്തി പൊങ്ങിയില്ല. തിലോയ്, സലോങ്, ജഗ്ദീശ്പൂര്‍ മണ്ഡലങ്ങളിലും അമേഠിയിലും ബിജെപിയാണ് ജയിച്ചത്. ഗൗരിഗഞ്ജില്‍ വിജയിച്ചത് സമാജ്‌വാദി പാര്‍ട്ടി. രണ്ടിടത്ത് കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.2017ലെ നിയമഭ തെരഞ്ഞെടുപ്പ് കണക്ക് പ്രകാരം ബിജെപി നേടിയത് 3,46,226 വോട്ടാണ്. കോണ്‍ഗ്രസിന് 2,37,216 വോട്ട്. 

ഇത്തവണത്തെ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് സമൃതി ഇറാനി നാളുകളായി മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചുവരിയാണ്. ഇടയ്ക്കിടയ്ക്ക് അമേഠിയിലെത്തി രാഹുലിന്റെ പ്രവര്‍ത്തനങ്ങളെ കടന്നാക്രമിച്ച സമൃതി ഇത്തവണ കാറ്റ് മാറിവീശുമെന്ന ഉറച്ച പ്രതീക്ഷയിലാണ്. 

ബിജെപി-വീഴ്ചയും വളര്‍ച്ചയും

1991ലാണ് മണ്ഡലത്തില്‍ ബിജെപി ആദ്യമായി സാന്നിധ്യമറിയിക്കുന്നത്. അന്ന് രാജീവ് ഗാന്ധിക്ക് എതിരെ രവീന്ദ്ര പ്രതാപിന് ലഭിച്ചത് 75,053വോട്ട്. രാജീവിന്റെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ അത് 79,687. 1996ല്‍ അത് ഒപ്പത്തിനൊപ്പമെത്തി. കോണ്‍ഗ്രസിന്റെ സതീഷ് ശര്‍മ്മ 157,868വോട്ട് നേടിയപ്പോള്‍ ബിജെപിയുടെ രാജാമോഹന്‍ സിങ് 117,725വോട്ട് നേടി. 98ല്‍ വിജയിക്കുകയും ചെയ്തു. സതീഷ് ശര്‍മ്മയ്ക്ക് എതിരെ നേടയിത് 205,025വോട്ട്. 1999ല്‍ മണ്ഡലം തിരിച്ചുപിടക്കാന്‍ സോണയയെ ഇറക്കേണ്ടിവന്നു
കോണ്‍ഗ്രസിന്. സഞ്ജയ് സിങിനെത്തന്നെ ബിജെപി വീണ്ടും ഇറക്കിയപ്പോള്‍ സോണിയ 4,18,960വോട്ട് നേടി വിജയിച്ചു. 2004ല്‍ രാഹുല്‍ ഗാന്ധിയുടെ അരങ്ങേറ്റത്തില്‍ ബിജെപി മൂന്നാംസ്ഥാനത്തേക്ക് പോയി. 3,90,179വോട്ട് നേടി രാഹുല്‍ വിജയിച്ചപ്പോള്‍ രണ്ടാംസ്ഥാനത്തെത്തിയത് ബിഎസ്പി. 2009ലും മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബിജെപി പക്ഷേ 2014ല്‍ വീണ്ടും കുതിച്ചുയര്‍ന്നു. 

ഇത്തവണ കോണ്‍ഗ്രസ് സഖ്യത്തിന് ഭാഗമല്ലാത്ത എസ്പിയും ബിഎസ്പിയും രണ്ട് സീറ്റുകള്‍ ഒഴിച്ചിട്ടാണ് ഉത്തര്‍പ്രദേശില്‍ മത്സരത്തിനൊരുങ്ങുന്നത്. എന്നാലും പഴയ പ്രതാപകാലത്തേക്ക് മടങ്ങിവരാന്‍ കോണ്‍ഗ്രസിന് നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കോണ്‍ഗ്രസ് ക്യാമ്പിന് ശക്തി പകരാന്‍ പ്രിയങ്കാ ഗാന്ധിയും രംഗത്തുണ്ട്. രാജ്യത്തിന്റെ ഭരണം ആര് നയിക്കണം എന്ന് തീരൂമാനിക്കുന്നത് ഏറെക്കുറെ ഉത്തര്‍പ്രദേശാണ്. ആടിയുലഞ്ഞു നില്‍ക്കുന്ന അമേഠിക്കൊപ്പം രാഹുല്‍ വയനാട്ടിലേക്കും ജനവിധി തേടിയെത്തുമ്പോള്‍ ഹിന്ദി ഹൃദയഭൂമിയില്‍ അത് കോണ്‍ഗ്രസിനെ എങ്ങനെ ബാധിക്കും എന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം. തങ്ങളെപ്പേടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുരക്ഷിത താവളം തേടിപ്പോയി എന്ന് ബിജെപി പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. ഇത് കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com