വിദ്വേഷരാഷ്ട്രീയത്തിന് വോട്ട് നല്‍കരുത്: വോട്ടര്‍മാരോട് എഴുത്തുകാരുടെ അഭ്യര്‍ത്ഥന

സ്ത്രീകളേയും ദളിതരേയും ആദിവാസികളേയും ന്യൂനപക്ഷങ്ങളേയും ആക്രമിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണം.
വിദ്വേഷരാഷ്ട്രീയത്തിന് വോട്ട് നല്‍കരുത്: വോട്ടര്‍മാരോട് എഴുത്തുകാരുടെ അഭ്യര്‍ത്ഥന

ന്യൂഡല്‍ഹി: വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവര്‍ക്ക് വോട്ട് ചെയ്യരുതെന്ന് ആഹ്വാനം ചെയ്ത് ഇന്ത്യയിലെ സാഹിത്യകാരുടെയും സാംസ്‌കാരികപ്രവര്‍ത്തകരുടെയും കൂട്ടായ്മ. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഓരോ ഇന്ത്യക്കാരുടേയും വോട്ട് സമത്വവും നാനാത്വവും നിലനില്‍ക്കുന്ന ഒരു ഇന്ത്യക്കാവട്ടെ എന്നാണ് ഇവര്‍ ആഹ്വാനം ചെയ്യുന്നത്. 

കേരളത്തില്‍ നിന്നുള്ള എഴുത്തുകാരുള്‍പ്പെടെ 200 ലധികം സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പു വച്ച കുറിപ്പില്‍ വിദ്വേഷ രാഷ്ട്രീയത്തെ വോട്ടിലൂടെ പുറത്താക്കുക, ജനതയുടെ വിഭജനത്തെ വോട്ടിലൂടെ തടയുക, അസമത്വത്തെ ബഹിഷ്‌ക്കരിക്കുക, ഹിംസക്കും ഭീഷണിക്കും സെന്‍സര്‍ഷിപ്പിനുമെതിരെ വോട്ട് ചെയ്യുക എന്നിവയാണ് മുന്നോട്ട് വയ്ക്കുന്നത്. 

ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, ഉറുദു, ബംഗ്ല, മലയാളം, തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലെ എഴുത്തുകാരെല്ലാം ഈ കുറിപ്പില്‍ ഒപ്പ് വെച്ചിട്ടുണ്ട്. 

രാജ്യത്ത് യുക്തിവാദികളും എഴുത്തുകാരും ആക്റ്റവിസ്റ്റുകളും ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും അനുവദിക്കാനാവില്ല. സ്ത്രീകളേയും ദളിതരേയും ആദിവാസികളേയും ന്യൂനപക്ഷങ്ങളേയും ആക്രമിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണം. എല്ലാവര്‍ക്കും തൊഴിലും വിദ്യാഭ്യാസവും ഗവേഷണവും തുല്ല്യാവസരവും ഉണ്ടാവണം. ഇതിന് വേണ്ടി വോട്ട് ചെയ്യണമെന്നുമാണ് കുറിപ്പില്‍ പറയുന്നത്.

റോമില ഥാപര്‍, അരുന്ധതി റോയ്, ആനന്ദ് തെല്‍തുംദെ, അശോക് വാജ്‌പേയ്, അനിതാ നായര്‍, ബെന്യാമിന്‍, സച്ചിദാനന്ദന്‍, അമിതാവ് ഘോഷ്, എം മുകുന്ദന്‍, കെ എന്‍ പണിക്കര്‍, കെ പി രാമനുണ്ണി, സേതു, കെജി ശങ്കരപിള്ള, ആര്‍ ഉണ്ണി, മാനസി, ആനന്ദ്, അന്‍വര്‍ അലി, അശോകന്‍ ചെരിവില്‍, ബി രാജീവന്‍, മാങ്ങാട് രത്‌നാകരന്‍, എസ് ജോസഫ്, അനിതാ തമ്പി, ജെ ദേവിക തുടങ്ങി നിരവധി മുഖ്യധാരയില്‍ നില്‍ക്കുന്നവര്‍ ഈ കുറിപ്പില്‍ ഒപ്പ് വെച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com