സുപ്രിം കോടതിയിലും തിരിച്ചടി; ഹാര്‍ദിക് പട്ടേലിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല

പട്ടേല്‍ സംവരണ പ്രക്ഷോഭ കേസില്‍ തനിക്കെതിരായ ശിക്ഷാവിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന ഹാര്‍ദിക് പട്ടേലിന്റെ ആവശ്യം സുപ്രിം കോടതി പരിഗണിച്ചില്ല
സുപ്രിം കോടതിയിലും തിരിച്ചടി; ഹാര്‍ദിക് പട്ടേലിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല

ന്യൂഡല്‍ഹി: പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. പട്ടേല്‍ സംവരണ പ്രക്ഷോഭ കേസില്‍ തനിക്കെതിരായ ശിക്ഷാവിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന ഹാര്‍ദിക് പട്ടേലിന്റെ ആവശ്യം സുപ്രിം കോടതി പരിഗണിച്ചില്ല. കഴിഞ്ഞ ദിവസം സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹാര്‍ദിക് പട്ടേല്‍ സുപ്രിം കോടതിയെ സമീപിച്ചത്. 

2015ല്‍ മെഹ്‌സാനയില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ തനിക്കെതിരായ വിധി സ്‌റ്റേ ചെയ്യണമെന്നാണ് ഹാര്‍ദിക് പട്ടേലിന്റെ ആവശ്യം. ശിക്ഷയ്ക്കു സ്റ്റേ ഇല്ലാത്ത സാഹചര്യത്തില്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് അദ്ദേഹത്തിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.

കോണ്‍ഗ്രസ് നേതാവിന്റെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഹാര്‍ദിക് പട്ടേലിന്റെ ആവശ്യം തളളുകയായിരുന്നു. 17 എഫ്‌ഐആറുകളാണ് ഹാര്‍ദിക് പട്ടേലിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന് പുറമേ വിവിധ കോടതികളില്‍ തീര്‍പ്പുകല്‍പ്പികാതെ കിടക്കുന്ന കേസുകളും കണക്കിലെടുത്താണ്  ഗുജറാത്ത് ഹൈക്കോടതിയുടെ വിധി. 

2015ലെ പട്ടേല്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസില്‍ 2018 ജൂലൈയില്‍ ഹാര്‍ദിക് പട്ടേലിനെ രണ്ടുവര്‍ഷം തടവിന് കോടതി ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് ഓഗസ്റ്റില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചുവെങ്കിലും വിധി സ്‌റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ല.

അടുത്തിടെയാണ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഗുജറാത്തിലെ ജാംനഗര്‍ മണ്ഡലത്തില്‍ ഹാര്‍ദിക് പട്ടേലിനെ കോണ്‍ഗ്രസ് പരിഗണിക്കുന്ന വേളയിലാണ് കോടതി വിധി പ്രതികൂലമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com