കനയ്യ കുമാറിനെതിരെ കരിങ്കൊടി, ഗോ ബാക്ക് വിളികള്‍; ബഗുസരായിലെ റാലിക്കിടെ പ്രതിഷേധം

ഏപ്രില്‍ ഒന്‍പതിനാണ് കനയ്യ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. ഗിരിരാജ് സിങ് ആറാം തിയതിയും തന്‍വീര്‍ എട്ടാം തിയതിയും പത്രിക നല്‍കും. 
ചിത്രം: പിടിഐ
ചിത്രം: പിടിഐ

പറ്റ്‌ന: ബഗുസരായിലെ സിപിഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാറിനെതിരെ കരിങ്കൊടി പ്രതിഷേധം. ലോഹിയയില്‍ നടന്ന റാലിക്കിടെയാണ് 'കനയ്യ ഗോ ബാക്ക് ' വിളികളുമായി ഒരു കൂട്ടം ചെറുപ്പക്കാരെത്തിയത്. ഇവരെ അനുനയിപ്പിച്ച് പറഞ്ഞ് വിടാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും യുവാക്കള്‍ വഴങ്ങിയില്ല. ഒടുക്കം പൊലീസെത്തി ഇവരെ നീക്കം ചെയ്ത ശേഷമാണ് കനയ്യക്ക് റാലി തുടരാന്‍ ആയത്. 

കേന്ദ്രമന്ത്രിയും വിഎച്ച്പി നേതാവുമായ ഗിരിരാജ് സിങും ആര്‍ ജെഡിയുടെ തന്‍വീര്‍ ഹസനുമാണ് മണ്ഡലത്തില്‍ കനയ്യയുടെ എതിരാളികള്‍. ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റായിരുന്ന കനയ്യ കുമാറിനെ ദേശദ്രോഹക്കുറ്റം ആരോപിച്ച് ജയിലില്‍ അടച്ച സംഭവമാണ് ബിജെപി പ്രധാനമായും തെരഞ്ഞെടുപ്പ് വിഷയമാക്കിയിരിക്കുന്നത്.  ഇതിന്റെ ഭാഗമായാണ് കനയ്യയ്‌ക്കെതിരെ ഗോ ബാക്ക് വിളികള്‍ ഉയര്‍ന്നതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ നിഗമനം. 

പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുക മാത്രമായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യം. അങ്ങനെ ആയാല്‍ പെട്ടെന്ന് അതൊരു സംഘര്‍ഷത്തിലേക്ക് വഴിമാറുമല്ലോ, പക്ഷേ ഇതൊന്നും ചെലവാകാന്‍ പോകുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിജയ് നാരായണ്‍ മിശ്ര പറഞ്ഞു. ഏപ്രില്‍ ഒന്‍പതിനാണ് കനയ്യ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. ഗിരിരാജ് സിങ് ആറാം തിയതിയും തന്‍വീര്‍ എട്ടാം തിയതിയും പത്രിക നല്‍കും. 

രാഷ്ട്രീയക്കാരെയും എഴുത്തുകാരെയും യുവാക്കളെയും ഉള്‍പ്പെടുത്തി മെഗാ റാലിക്കും കനയ്യ കുമാര്‍ തയ്യാറെടുക്കുന്നുണ്ട്. നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസമാവും ഈ റാലിയും നടക്കുക. ജെഎന്‍യുവിലെ സുഹൃത്തുക്കളും സാമൂഹ്യ- സാംസ്‌കാരിക രംഗങ്ങളില്‍ നിന്നുള്ള പ്രമുഖരും  റാലിയില്‍ പങ്കെടുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com