ഞാനെന്തിന് രാഹുലിനെ കുറിച്ച് സിനിമ ചെയ്യണം?; അദ്ദേഹം എന്താണ് ചെയ്തിട്ടുളളത്?; പരിഹാസവുമായി വിവേക് ഒബ്‌റോയി 

എന്തിന് താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് സിനിമ ചെയ്യണമെന്ന ചോദ്യവുമായി ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയി
ഞാനെന്തിന് രാഹുലിനെ കുറിച്ച് സിനിമ ചെയ്യണം?; അദ്ദേഹം എന്താണ് ചെയ്തിട്ടുളളത്?; പരിഹാസവുമായി വിവേക് ഒബ്‌റോയി 

ന്യൂഡല്‍ഹി: എന്തിന് താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് സിനിമ ചെയ്യണമെന്ന ചോദ്യവുമായി ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയി. അദ്ദേഹം ചെയ്തത് ഒന്നും പ്രധാനപ്പെട്ട കാര്യങ്ങളല്ലെന്നും വിവേക് ഒബ്‌റോയി പറഞ്ഞു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുകൊണ്ടുളള ഒബ്്‌റോയിയുടെ വാക്കുകള്‍.

വിവേക് ഒബ്‌റോയി നായകനായി അഭിനയിക്കുന്ന പി എം നരേന്ദ്രമോദി അടുത്തദിവസം റിലീസ് ചെയ്യാനിരിക്കേയാണ്, നടന്റെ പ്രതികരണം. 
നരേന്ദ്രമോദിയുടെ ജീവചരിത്രം പറയുന്ന ചിത്രത്തില്‍ മോദിയായി വേഷമിടുന്നത് വിവേക് ഒബ്‌റോയി ആണ്. രാഹുല്‍ ഗാന്ധിയുടെ കഥ പറയുന്ന ചിത്രമുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കവേയാണ് കോണ്‍ഗ്രസ് അധ്യക്ഷനെ വിവേക് ഒബ്‌റോയി പരിഹസിച്ചത്. 

'ഞാനെന്തിനാണ് രാഹുല്‍ ഗാന്ധിയുടെ ജീവിതം സിനിമയാക്കുന്നത്? അദ്ദേഹം എന്താണ് ചെയ്തിട്ടുള്ളത്? അദ്ദേഹത്തിന്റെ കഥയെങ്കില്‍ സിനിമയുടെ ഷൂട്ടിങ് ഭൂരിഭാഗവും തായ്‌ലന്‍ഡില്‍ വേണ്ടിവരും' രാഹുലിനെ ട്രോളി വിവേക് ഒബ്‌റോയി പറഞ്ഞു. 

തെരഞ്ഞെടുപ്പുമായി സിനിമക്കോ റിലീസിനോ ഒരു ബന്ധവുമില്ലെന്ന് താരം പറയുന്നു. 'അവരവര്‍ക്ക് വിശ്വാസമുള്ള സിനിമ ചെയ്യാനുള്ള സ്വാതന്ത്യം ഭരണഘടനയിലുണ്ട്. എപ്പോഴാണ് റിലീസ് ചെയ്യേണ്ടത് എന്നും സിനിമ ചെയ്യുന്നവരാണ് തീരുമാനിക്കേണ്ടത്. ഈദിനോ ക്രിസ്മസിനോ ദീപാവലിക്കോ ഒരു സിനിമയുടെ റിലീസ് നിശ്ചയിക്കുമ്പോള്‍ ആരെങ്കിലും ചോദിക്കാറുണ്ടോ അതെന്തിനാണെന്ന്?' ഒബ്‌റോയി ചോദിക്കുന്നു. 

താന്‍ നരേന്ദ്രമോദിയുടെ വലിയ ആരാധകനാണെന്നും വിവേക് ഒബ്‌റോയ് പറയുന്നു. ''രാഷ്ട്രീയ പശ്ചാത്തലമോ അന്താരാഷ്ട്രനിലവാരത്തിലുള്ള വിദ്യാഭ്യാസമോ അനുഭവസമ്പത്തോ, പണമോ ഒന്നുമില്ലാതെ റെയില്‍വെ സ്‌റ്റേഷനില്‍ ചായവിറ്റ് നടന്നിരുന്ന ഒരു ചെറുപ്പക്കാരന്‍ ഒരു ജാതിയുടെയോ സംഘടനയുടെയോ പിന്‍ബലമില്ലാതെ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. ഇന്ന് അമേരിക്കന്‍ പ്രസിഡന്റുമായും ജപ്പാന്‍ പ്രധാനമന്ത്രിയുമായും മുഖാമുഖം സംസാരിക്കുന്ന ലോകനേതാവാണ് അദ്ദേഹം. ഇതുപോലൊരു കഥാപാത്രം എപ്പോഴും ചെയ്യാന്‍ സാധിക്കുന്ന ഒന്നല്ല.''

പ്രധാനമന്ത്രി സിനിമ കണ്ടോ എന്ന ചോദ്യത്തിന് ഉത്തരം ഇങ്ങനെ: 'അതൊരു സസ്‌പെന്‍സ് ആയി നിലനില്‍ക്കട്ടെ. ചില കാര്യങ്ങള്‍ ചില ആളുകള്‍ക്കിടയില്‍ തന്നെ ഇരിക്കട്ടെ'. പ്രധാനമന്ത്രി തിരക്കഥ വായിച്ചോ എന്ന ചോദ്യത്തിന് ''ഒരു രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്ക് ഇതിനൊക്കെ എവിടെയാണ് സമയം''?

തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നുവെന്നാരോപിച്ച് സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. നിലവില്‍ ആദ്യ ഘട്ട വോട്ടെടുപ്പിന് തൊട്ടടുത്ത ദിവസം ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com