തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് ജയപ്രദ ( വീഡിയോ)

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ വേദിയില്‍ പൊട്ടിക്കരഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി ജയപ്രദ
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് ജയപ്രദ ( വീഡിയോ)

രാംപൂര്‍ : തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ വേദിയില്‍ പൊട്ടിക്കരഞ്ഞ് നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ജയപ്രദ. രാംപൂരില്‍ നിന്നും ജനവിധി തേടുന്ന ജയപ്രദ മണ്ഡലത്തില്‍ വോട്ടുചോദിക്കാനെത്തിയപ്പോഴായിരുന്നു വികാരനിര്‍ഭര രംഗങ്ങളുണ്ടായത്. തനിക്ക് നേരെയുണ്ടായ ആക്രമണങ്ങളും, മണ്ഡലത്തില്‍ നിന്നും ബലമായി മാറ്റിനിര്‍ത്തിയതും വിശദീകരിക്കുന്നതിനിടെയായിരുന്നു ജയപ്രദയുടെ നിയന്ത്രണം വിട്ടുപോയത്. 

സമാജ് വാദി പാര്‍ട്ടി അംഗമായിരുന്ന ജയപ്രദ രാംപൂരില്‍ നിന്നും രണ്ട് തവണ എംപിയായിരുന്നിട്ടുണ്ട്. ഞാന്‍ ഒരിക്കലും രാംപൂര്‍ വിട്ടുപോകാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അതിനെ തുടര്‍ന്ന് തനിക്കെതിരെ ആസിഡ് ആക്രമണ ശ്രമം വരെ ഉണ്ടായി. ഇതോടെയാണ് മണ്ഡലം വിടേണ്ടി വന്നതെന്നും ജയപ്രദ പറഞ്ഞു. ഇക്കാര്യം വിശദീകരിക്കുന്നതിനിടെയായിരുന്നു നടി പൊട്ടിക്കരഞ്ഞത്. 

സമാജ് വാദി പാര്‍ട്ടിയിലെ അസംഖാന്റെ ആക്രമണം മൂലമാണ് മണ്ഡലം വിടേണ്ടി വന്നതെന്നും ജയപ്രദ വ്യക്തമാക്കി.  1994 ല്‍ തെലുങ്കുദേശം പാര്‍ട്ടിയില്‍ നിന്നാണ് ജയപ്രദ സമാജ് വാദി പാര്‍ട്ടിയിലെത്തിയത്. തുടര്‍ന്ന് എസ് പി ടിക്കറ്റില്‍ ജയപ്രദ 2004, 2009 വര്‍ഷങ്ങളില്‍ എംപിയായി. ഈ സമയത്ത് ജയപ്രദയും അസംഖാനും തമ്മില്‍ നല്ല ബന്ധമായിരുന്നു. 

എന്നാല്‍ പാര്‍ട്ടിയിലെ ഉള്‍പ്പോര് കനത്തതോടെ, ജയപ്രദയും അസംഖാനും ബദ്ധശത്രിക്കളായി മാറി. അമര്‍സിംഗ് ക്യാംപിലെത്തിയ ജയപ്രദയെ 2010 ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് അമര്‍സിംഗും ജയപ്രദയും ചേര്‍ന്ന് രാഷ്ട്രീയ ലോക്മഞ്ച് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. 2014 ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ലോക്ദളിനൊപ്പം ചേര്‍ന്ന് ബിജ്‌നോര്‍ മണ്ഡലത്തില്‍ മല്‍സരിച്ചെങ്കിലും തോറ്റു. 

കഴിഞ്ഞ മാസം 26 നാണ് ജയപ്രദ ബിജെപിയില്‍ ചേര്‍ന്നത്. രാംപൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ജയപ്രദ ഇത്തവണ. മണ്ഡലത്തില്‍ സമാജ് വാദി പാര്‍ട്ടിയുടെ അസംഖാനാണ് ജയപ്രദയുടെ പ്രധാന എതിരാളി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com