പരസ്യങ്ങള്‍ക്കു പണമൊഴുക്കുന്നതില്‍ ബിജെപി മുന്നില്‍, ചെലവഴിച്ചത് കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടി

ഗൂഗിളിന്റെ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ 3.76 കോടി രൂപയുടെ പരസ്യങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ചെയ്തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. ഫെബ്രുവരി 19 മുതലുള്ള കണക്കുകളാണ് ഗൂഗിള്‍ പുറത്ത് വിട്ടത്. 
പരസ്യങ്ങള്‍ക്കു പണമൊഴുക്കുന്നതില്‍ ബിജെപി മുന്നില്‍, ചെലവഴിച്ചത് കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടി


തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്കായി ഗൂഗിളില്‍ ഇതുവരെ ഏറ്റവുമധികം തുക ചെലവഴിച്ചത് ബിജെപിയെന്ന് റിപ്പോര്‍ട്ട്. ഗൂഗിളിലും യൂട്യൂബിലുമായി ഒരു കോടി ഇരുപത്തിയൊന്ന് ലക്ഷം രൂപയുടെ പരസ്യങ്ങളാണ് പാര്‍ട്ടി ചെയ്തതെന്നാണ് കണക്കുകള്‍. കോണ്‍ഗ്രസ് 54,100 രൂപയാണ് ചെലവഴിച്ചത്. ഗൂഗിളിന്റെ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ 3.76 കോടി രൂപയുടെ പരസ്യങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ചെയ്തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. ഫെബ്രുവരി 19 മുതലുള്ള കണക്കുകളാണ് ഗൂഗിള്‍ പുറത്ത് വിട്ടത്. 

സെര്‍ച്ച് എഞ്ചിനില്‍ വരുന്ന പരസ്യങ്ങളുടെ സുതാര്യത ഉറപ്പു വരുത്തുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും ഗൂഗിള്‍ വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും നിലവിലെ ലോക്‌സഭാഅംഗങ്ങളും നല്‍കുന്ന പരസ്യങ്ങളുടെ വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

 ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവാണ് പരസ്യം നല്‍കിയവരില്‍ ഒന്നാമന്‍. ഒരു കോടി 48 ലക്ഷം രൂപയുടെ പരസ്യമാണ് അദ്ദേഹം പ്രമാണ്യ സ്ട്രാറ്റജി കണ്‍സള്‍ട്ടിങ്, ഡിജിറ്റല്‍ കണ്‍സള്‍ട്ടിങ് എന്നീ സ്ഥാപനങ്ങള്‍ വഴി ചെയ്തത്. ഒരു കോടി 21 ലക്ഷവുമായി ബിജെപി രണ്ടാമതും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മൂന്നാമതുമാണ്. ഒരു കോടിയിലേറെ രൂപയാണ് ജഗന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇതുവരെ മുടക്കിയത്. 

എതിനോസ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ( 1.56 ലക്ഷം), പമ്മി സായ് ചരണ്‍ റെഡ്ഡി (26,400), ഹര്‍ഷനാഥ് ഹ്യുമന്‍ സര്‍വ്വീസസ്(6,300),ജാസ്‌കരണ്‍ ധില്ലന്‍ (5,400), വിദൂലി മീഡിയ ടെക്(1,300), അകുല സത്യനാരായണ(400) എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍. ആന്ധ്രയില്‍ നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ ഏപ്രില്‍ 11 ഓടെ അവസാനിക്കും. 25 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 175 നിയമസഭാ മണ്ഡലങ്ങളിലേക്കും അന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു കോടി 73 ലക്ഷം രൂപയാണ് ആന്ധ്രയിലെ പാര്‍ട്ടികള്‍ മാത്രം ഇതിനകം ചെലവഴിച്ചത്. ബിഹാര്‍(10.5 ലക്ഷം), മഹാരാഷ്ട്ര (17.19 ലക്ഷം), ഉത്തര്‍ പ്രദേശ് (18. 47 ലക്ഷം) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങള്‍ ചെലവഴിച്ച തുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com