കുടുംബ രാഷ്ട്രീയത്തിന്റെ വിളനിലം; മഹാരാഷ്ട്രയെ കൈപ്പിടിയിലൊതുക്കിയ വംശാവലികള്‍

രാഷ്ട്രീയത്തില്‍ കുടുംബവാഴ്ച നിലനിര്‍ത്തി പോകുന്നതില്‍ മുന്നിലാണ് മഹാരാഷ്ട്ര.
കുടുംബ രാഷ്ട്രീയത്തിന്റെ വിളനിലം; മഹാരാഷ്ട്രയെ കൈപ്പിടിയിലൊതുക്കിയ വംശാവലികള്‍

കുടുംബരാഷ്ട്രീയത്തിന്റെ വിളനിലമാണ് ഇന്ത്യ. കശ്മീര്‍ മുതല്‍ കന്യാകുമാരിവരെ എല്ലായിടത്തും തലമുറകളായി അധികാരം കയ്യാളിവരുന്ന കുടുംബരാഷ്ട്രീയത്തെ കാണാം. നെഹ്‌റു കുടുംബമാണ് അതില്‍ പ്രധാനം. കുടുംബവാഴ്ച അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ബിജെപിയും അതില്‍ നിന്നും വ്യത്യസ്തരല്ല. രാഷ്ട്രീയത്തില്‍ കുടുംബവാഴ്ച നിലനിര്‍ത്തി പോകുന്നതില്‍ മുന്നിലാണ് മഹാരാഷ്ട്ര. 
സംസ്ഥാനത്തെ 36 ജില്ലകളില്‍ക്കൂടി കടന്നുപോയാല്‍ തലമുറകളായി പ്രാദേശിക രാഷ്ട്രീയം നിയന്ത്രിക്കുന്ന ഒരുപാട് കുടുബങ്ങളെ കാണാന്‍ സാധിക്കും.

ഭരണകക്ഷിയായ ബിജെപിയില്‍ നിന്നുതന്നെ തുടങ്ങാം. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, ജനസംഘത്തിന്റെ നേതാവും എംഎല്‍എയുമായിരുന്ന ഗംഗാധര്‍ റാവു ഗാഡ്ഗില്ലിന്റെ മകന്‍. അദ്ദേഹത്തിന്റെ അമ്മാവന്റെ ഭാര്യ ശോഭാ ഫട്‌നാവിസും എംഎല്‍എയായിരുന്നു. 

ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ ശിവസേനയുടെ കാര്യമെടുത്താല്‍ സ്ഥാപകന്‍ ബാല്‍ താക്കറെയുടെ മകന്‍ ഉദ്ദവ് താക്കറെയാണ് ഇപ്പോള്‍ പാര്‍ട്ടി ഭരിക്കുന്നത്. അടുത്ത തമലുറക്കാരനായ ആദിത്യ ഉദ്ദവ് താക്കറെയെ വളര്‍ത്തിയെടുക്കുന്നുമുണ്ട്. 

ഉദ്ദവ് താക്കാറെയുമായി തെറ്റിപ്പിരിഞ്ഞു പോയി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന രൂപീകരിച്ച രാജ് താക്കറെ, ബാല്‍ താക്കറെയുടെ സഹോദരീപുത്രനാണ്. അദ്ദേഹത്തിന്റെ മകന്‍ അമിത് താക്കറെയും ഇപ്പോള്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു കഴിഞ്ഞു. 

മറുവശത്ത് കോണ്‍ഗ്രസിലും സ്ഥിതി വ്യത്യസ്തമല്ല. അഹമ്മദ് നഗര്‍ അടക്കിവാഴുന്നത് ഏഷ്യയിലെ ആദ്യ കോപറേറ്റിവ് പഞ്ചാസര ഫാക്ടറി സ്ഥാപിച്ച വിത്തല്‍റാലു വിഖേ പാട്ടീലിന്റെ നാലാംതലമുറയാണ്. 

അദ്ദേഹത്തിന്റെ മകന്‍ ബാലാസാഹേബ് വിഖേ പാട്ടീല്‍ എന്നറിയപ്പെടുന്ന എന്‍കത് റാവു ആദ്യ എന്‍ഡിഎ മന്ത്രിസഭയില്‍ അംഗമായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ രാധാകൃഷ്ണ വിഖേ പാട്ടീല്‍ പ്രതിപക്ഷ നേതാവാണ്. രാധാകൃഷ്ണയുടെ മകന്‍ സുജയും ഇപ്പോള്‍ രാഷ്ട്രീയത്തിലുണ്ട്. 

ശരദ് പവാറിന്റെ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി)യില്‍ ഇപ്പോള്‍ മൂന്നാംതലമുറ കാലമാണ്. പവാറിന്റെ മകളായ സുപ്രിയ സുലെ ബാരമതിയില്‍ നിന്നുള്ള എംപിയാണ്. 
 
ഇപ്പോള്‍ മാധയില്‍ നിന്ന് എന്‍സിപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന അജിത് പവാറാണ് കുടുംബത്തിലെ മറ്റൊരു പ്രബലന്‍. ശരദിന്റെ സഹോദരന്‍ ആനന്ദിന്റെ മകനാണ് അജിത്. മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രി കൂടിയായിരുന്നു ഇദ്ദേഹം. 

ഛത്രപതിയുടെ പിന്‍തലമുറക്കാരായ സതാര,കോല്‍ഹാപൂര്‍ രാജകുടുംബാഗംങ്ങളും മഹാരാഷ്ട്രാ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തികളാണ്. ഇതില്‍ പ്രമുഖന്‍ എന്‍സിപി എംപി ഛത്രപതി ഉദയന്‍രാജെ ഭോസ്‌ലെയാണ്. എംഎല്‍എയായ ശിവേന്ദ്ര രാജെ ഭോസ്‌ലെ നിലവില്‍ എംഎല്‍എയാണ്. കോല്‍ഹാപൂര്‍ രാജകുടുംബാംഗം ഛത്രപതി സംഭാജി രാജെ ബിജെപി എംപിയാണ്. 

ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോ. ബിആര്‍ അംബേദ്കറുടെ പിന്‍തലമുറക്കാരും മഹാരാഷ്ട്രാ രാഷ്ട്രീയത്തിലുണ്ട്.  റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപകനും മുന്‍ എംഎല്‍എയുമായ യശ്വന്ത് അംബേദ്കറുടെ മക്കളാണ് മുന്‍ എംപിയായ പ്രകാശ് അംബേദ്കറും റിപബ്ലിക്കന്‍ സേന പ്രസിഡന്റ് ആനന്ദ്‌രാജ് അംബേദ്കറും. മുന്‍ കേന്ദ്രമന്ത്രി സുനില്‍ ദത്തിന്റെ മകള്‍ പ്രിയാ ദത്തിന്റെ തട്ടകവും മഹാരാഷ്ട്ര തന്നെ. 

മുന്‍ കേന്ദ്രമന്ത്രി പ്രമേദ് മഹാജന്റെ മകള്‍ പൂനം മഹാജന്‍ ഇപ്പോള്‍ ബിജെപി എംപി. അദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്‍ ഗോപിനാഥ് മുണ്ടെ മോദി മന്ത്രസഭിയില്‍ അംഗമായിരന്നു. മുണ്ടെയുടെ മക്കള്‍ പങ്കജ് മുണ്ടെയും പ്രീതം മുണ്ടെയും ബിജെപി നേതാക്കള്‍. മുണ്ടെയുടെ മറ്റൊരു ബന്ധു ധനഞ്ജയ് മുണ്ടെ മഹാരാഷ്ട്ര നിയസമഭയിലെ പ്രതിപക്ഷ നേതാവാണ്. 

രണ്ടുതവണ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ശങ്കര റാവു ബി ചവാന്റെ മകന്‍ അശോഖ് ചവാന്‍ മുന്‍ മുഖ്യമന്ത്രിയും നിലവില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമാണ്. അതേ കുടുംബത്തിലെ തന്നെ കേന്ദ്രമന്ത്രിയായിരുന്ന ദാജിസാഹെബ് ചവാന്റെയും പ്രേമലതത ചവാന്റെയും മകന്‍ പൃഥ്വിരാജ് ചവാന്‍ മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്നു. സംസ്ഥാനത്തെ ആദ്യത്തെ മുസ്‌ലിം മുഖ്യമന്ത്രിയായിരുന്ന അബ്ദുള്‍ റഹ്മാന്‍ അന്തുലെയുടെ മകന്‍ നവീദ് ശിവസേനയ്‌ക്കൊപ്പമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com