വാരാണസിയില്‍ മോദിക്കെതിരെ മുരളീ മനോഹര്‍ ജോഷി?; മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ്

ബിജെപിയില്‍ സീറ്റ് നിഷേധിക്കപ്പെട്ട മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാന്‍  തിരക്കിട്ട നീക്കങ്ങള്‍ -എല്‍കെ അഡ്വാനിയുമായി ആര്‍എസ്എസ് നേതാക്കള്‍ ചര്‍ച്ച നടത്തും
വാരാണസിയില്‍ മോദിക്കെതിരെ മുരളീ മനോഹര്‍ ജോഷി?; മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ്

ന്യൂഡല്‍ഹി: ബിജെപിയില്‍ സീറ്റ് നിഷേധിക്കപ്പെട്ട മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാന്‍  തിരക്കിട്ട നീക്കങ്ങള്‍. എല്‍കെ അഡ്വാനിയുമായി ആര്‍എസ്എസ് നേതാക്കള്‍ ചര്‍ച്ച നടത്തും. മറ്റൊരു മുതിര്‍ന്ന നേതാവായ മുരളീ മനോഹര്‍ ജോഷിക്ക് പ്രതിപക്ഷം വാരാണസിയില്‍ സീറ്റ് വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

ബിജെപിയിലെ ആഭ്യന്തരസംഘര്‍ഷം പരമാവധി ഉപയോഗപ്പെടുത്താനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. ഇത് തെരഞ്ഞടുപ്പില്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. വാരാണസിയില്‍ മത്സരിക്കണമെന്ന പ്രതിപക്ഷ പാര്‍്ട്ടികളുടെ ആവശ്യത്തില്‍ അനുകൂലമായ പ്രതികരണം ജോഷിയില്‍ നിന്നുണ്ടായില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം വാരാണസി സുരക്ഷിത മണ്ഡലമല്ലെന്ന് ജോഷി അറിയിച്ചതായും സൂചനകളുണ്ട്. തന്നെ മത്സരരംഗത്തുനിന്നും മാറ്റുന്ന കാര്യങ്ങള്‍ മോദിയും അമിത് ഷായും അറിയിച്ചില്ല. പാര്‍ട്ടി ദൂതന്‍ വഴിയാണ് ഈ വിവരം അറിഞ്ഞത്. ഇത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു ജോഷി പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളെ അറിയിച്ചത്.

2014മുതല്‍ ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍  അസംതൃപ്തരാണ്‌. മോദിയെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനത്തിനെതിരെ എല്‍ കെ അഡ്വാനിയുള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അമിത് ഷാ പാര്‍ട്ടിയുടെ അധ്യക്ഷ പദത്തിലെത്തിയതിന് പിന്നാലെ പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാക്കളുടെ അസംതൃപ്തി പരസ്യമായി രംഗത്തുവന്നു. ഈ തെരഞ്ഞടുപ്പില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ എല്‍കെ അഡ്വാനിക്കും മുരളീ മനോഹര്‍ ജോഷിയെയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ബിജെപി നേതൃത്വം തയ്യാറായില്ല.

മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയതിനെതിരെ പാര്‍ട്ടിയില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാനുള്ള ഇടപെടല്‍. അതിനിടെ കഴിഞ്ഞ ദിവസം അദ്വാനിയുടെ പരാമര്‍ശം മോദിക്കെതിരെയുള്ള വിമര്‍ശനമാണെന്ന വിലയിരുത്തലുകളും ഉയര്‍ന്നുവന്നു. പാര്‍ട്ടിക്കെതിരെ സംസാരിക്കുന്നവരെ രാജ്യദ്രോഹികളായി കാണുന്നത് ശരിയല്ല. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളവരെ ശത്രുക്കളായി കാണുന്നത് പാര്‍ട്ടി നയമല്ലെന്നും ആദ്യം രാജ്യം, പിന്നീട് പാര്‍ട്ടി, അതിന് ശേഷം വ്യക്തിയെന്നതാണ് തന്റെ സമീപനമെന്നുമായിരുന്നു അഡ്വാനിയുടെ വാക്കുകള്‍.

ആദ്യഘട്ട വോട്ടെടുപ്പിന്  ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി രംഗത്തെത്തുന്നത് വിജയത്തിന് തടസമാകുമെന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍. ഈ  സാഹചര്യത്തിലാണ് അഡ്വാനിയുമായി കൂടിക്കാഴ്ച നടത്താനുള്ള ആര്‍എസ്എസിന്റെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com