ഹെറാള്‍ഡ് ഹൗസ് ഒഴിപ്പിക്കുന്നതിന് സുപ്രിം കോടതിയുടെ സ്‌റ്റേ, കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു

പാട്ടക്കരാര്‍ ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് വേണ്ടതെന്ന് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്
ഹെറാള്‍ഡ് ഹൗസ് ഒഴിപ്പിക്കുന്നതിന് സുപ്രിം കോടതിയുടെ സ്‌റ്റേ, കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി:ഹെറാള്‍ഡ് ഹൗസ് കെട്ടിടത്തില്‍ നിന്നും അസോസിയേറ്റഡ് ജേണല്‍ ഒഴിഞ്ഞു നല്‍കണമെന്ന ഡല്‍ഹി ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തു. പാട്ടക്കരാര്‍ ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് വേണ്ടതെന്ന് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് വിധിച്ചു. കേസില്‍ നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രിം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. 

2018 ഫെബ്രുവരി 28 നായിരുന്നു ഹെറാള്‍ഡ് ഹൗസില്‍ നിന്നും അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്ന ഉത്തരവ് ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ചത്.

1967 ജനുവരി 10 ന് ഒപ്പിട്ട കരാര്‍ അനുസരിച്ച് കെട്ടിടം പ്രിന്റിങിനും പബ്ലിഷിങിനും മാത്രമേ ഉപയോഗിക്കാവൂ എന്നും മറ്റ് പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തരുത് എന്നും വ്യവസ്ഥയുണ്ടായിരുന്നു. പ്രിന്റിങും പബ്ലിഷിങും ഈ കെട്ടിടത്തില്‍ നിന്ന് നടക്കാതെ വന്നതോടെയാണ് പാട്ടക്കരാര്‍ റദ്ദാക്കി കെട്ടിടം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വാണിജ്യ ആവശ്യത്തിനാണ് നിലവില്‍ കെട്ടിടം ഉപയോഗിക്കുന്നതെന്നും വ്യവസ്ഥ പാലിക്കാത്തതിനാല്‍ കരാറിന് സാധുതയില്ലെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്രമേനോന്‍ അധ്യക്ഷനായ ബഞ്ച് വിധിച്ചത്. ഇതോടെ 56 വര്‍ഷം നീണ്ട കരാര്‍ അസാധുവായി വിധിക്കുകയായിരുന്നു. 

1937 ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവാണ് നാഷണല്‍ ഹെറാള്‍ഡ് പത്രം തുടങ്ങുന്നതിനായി എജെഎല്‍ ആരംഭിച്ചത്. 2008 ഏപ്രില്‍ ഒന്നിന് പത്രം നിര്‍ത്തുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് കരാര്‍ അനുസരിച്ച് കെട്ടിടം ഒഴിയണമെന്ന വാദം ഉയര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com