ഈ തെരഞ്ഞെടുപ്പിലെ ആദ്യ വോട്ട് ഡിഐജി സുധാകര്‍ നടരാജന്റേത്; പോസ്റ്റല്‍ വോട്ടുകള്‍ക്ക് തുടക്കമായി ( വിഡിയോ)

ഏകദേശം 30 ലക്ഷത്തോളം സര്‍വ്വീസ്  വോട്ടര്‍മാര്‍ വോട്ട് ചെയ്യുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് കൂട്ടല്‍. 
ഈ തെരഞ്ഞെടുപ്പിലെ ആദ്യ വോട്ട് ഡിഐജി സുധാകര്‍ നടരാജന്റേത്; പോസ്റ്റല്‍ വോട്ടുകള്‍ക്ക് തുടക്കമായി ( വിഡിയോ)

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യവോട്ട് അരുണാചല്‍ പ്രദേശില്‍ നിന്നും എടിഎസ് ഐടിബിപി ഡിഐജി സുധാകര്‍ നടരാജന്റേതാണ്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുന്നതിന് കൃത്യം അഞ്ച് ദിവസം മുമ്പ് രാവിലെ 10 മണിയോടെയാണ് ലോഹിത്പൂരില്‍ നിന്നും ആദ്യ വോട്ട് ബാലറ്റ് പെട്ടിയിലേക്ക് എത്തിയത്. വടക്ക് കിഴക്കന്‍ മുനമ്പായ ലോഹിത്പൂര്‍ രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്നും 2600 ലേറെ കിലോമീറ്റര്‍ അകലെയാണ്. 

സൈനിക വിഭാഗങ്ങളിലും അര്‍ധ സൈനിക വിഭാഗങ്ങളിലും ഉള്ളവരാണ് പ്രധാനമായും തപാല്‍ വോട്ടുകള്‍ ചെയ്യുന്നത്. ഇവരെ കൂടാതെ അതത് സംസ്ഥാനങ്ങള്‍ക്ക് പുറത്തുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന് പുറത്ത് നിയമിച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും സര്‍വീസ് വോട്ടറാകാം. ഈ തെരഞ്ഞെടുപ്പില്‍ ഏകദേശം 30 ലക്ഷത്തോളം സര്‍വ്വീസ്  വോട്ടര്‍മാര്‍ വോട്ട് ചെയ്യുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് കൂട്ടല്‍. 

സര്‍വ്വീസ് വോട്ടര്‍മാര്‍ക്ക് പുറമേ സ്‌പെഷ്യല്‍ വോട്ടര്‍മാര്‍, അവരുടെ ഭാര്യമാര്‍, കരുതല്‍ തടങ്കലില്‍ ഉള്ളവര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉള്ളവര്‍ എന്നിവര്‍ക്കും തപാല്‍ വോട്ടുകള്‍ ചെയ്യാന്‍ അനുമതിയുണ്ട്.

ബാലറ്റില്‍ വോട്ട് ചെയ്ത ശേഷം സീല്‍ ചെയ്താണ് തപാല്‍ മാര്‍ഗം ബാലറ്റ് പെട്ടികള്‍ അയയ്ക്കുക. പ്രത്യേക ഡിക്ലറേഷന്‍ ഫോമും ഇവര്‍ക്ക് നല്‍കും. സര്‍വീസ് വോട്ടര്‍മാര്‍ക്കായുള്ള ബാലറ്റു പേപ്പറുകള്‍ ഉത്തരാഖണ്ഡ്, ഗുജറാത്ത്, ബംഗളുരു, ബിഹാര്‍, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എത്തിച്ചിരുന്നു.

ഏഴ് ഘട്ടമായാണ് രാജ്യത്ത് ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 11 ന് ഒന്നാം ഘട്ടവും മെയ് 19 ന് അവസാനഘട്ടവും വോട്ടെടുപ്പ് നടക്കും. മെയ് 23 ന് ഒന്നിച്ചാണ് വോട്ടെണ്ണല്‍ നിശ്ചയിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com