നിതീഷ് കുമാറിനെ ' കുരങ്ങനാക്കി' ; ലാലുപ്രസാദ് യാദവിന്റെ ആത്മകഥ വിവാദത്തിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th April 2019 08:36 PM  |  

Last Updated: 06th April 2019 08:36 PM  |   A+A-   |  

 

 പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ 'കുരങ്ങനെ'ന്ന് ആക്ഷേപിച്ചുള്ള ലാലുപ്രസാദ് യാദവിന്റെ ആത്മകഥ വിവാദമാകുന്നു. 'ഗോപാല്‍ ഗഞ്ചില്‍ നിന്ന് റെയ്‌സിനയിലേക്ക്- എന്റെ രാഷ്ട്രീയ യാത്ര' എന്നാണ് ആത്മകഥയുടെ പേര്. സോണിയ ഗാന്ധിയാണ് പുസ്തകത്തിന് മുന്‍കുറി എഴുതിയിരിക്കുന്നത്.
ആത്മകഥയുടെ പതിനൊന്നാം അധ്യായത്തിലാണ് ജനതാദളി (യു)നെയും മറ്റ് എന്‍ഡിഎ നേതാക്കളെയും കുപിതരാക്കിയ പരാമര്‍ശങ്ങള്‍ അടങ്ങിയിരിക്കുന്നത്.

പുസ്തകം ലാലുവിന്റെ രാഷ്ട്രീയ സംസ്‌കാരമാണ് കാണിക്കുന്നതെന്നും മറ്റുള്ളവരോട് മര്യാദയ്ക്ക് സംസാരിക്കാന്‍ അറിയാത്ത ആളാണ് ലാലുവെന്നും ജനതാദളി(യു)ന്റെ മുതിര്‍ന്ന നേതാവ് അശോക് ചൗധരി പറഞ്ഞു. വാക്കുകളെ അപലപിച്ച കെ സി ത്യാഗി, ലാലുവിന് വട്ടാണെന്ന് കൂടി പറഞ്ഞു  വച്ചു. ഒരു കെട്ട് നുണകളുടെ കൂട്ടം മാത്രമാണ് ലാലു ആത്മകഥയെന്ന പേരില്‍ പടച്ച് വച്ചിരിക്കുന്നതെന്നായിരുന്നു ബിഹാര്‍ ഉപമുഖ്യമന്ത്രി സുഷില്‍ കുമാറിന്റെ പ്രതികരണം.

പുസ്തകത്തില്‍ എന്ത് തരം ഭാഷ ഉപയോഗിച്ചാലും നിതീഷ് കുമാര്‍ തരംതാണ രാഷ്ട്രീയക്കാരന്‍ ആണെന്നതില്‍ സംശയമില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവായ പ്രേംചന്ദ്ര മിശ്ര പറഞ്ഞത്.

മുന്‍ മാധ്യമപ്രവര്‍ത്തകനായ നളിന്‍ വര്‍മ്മയുമായി ചേര്‍ന്നാണ് ലാലു പുസ്തകം എഴുതിയത്. വീണ്ടും ബിജെപിയുമായി സഖ്യമുണ്ടാക്കി ആറ് മാസത്തിനകം പ്രതിപക്ഷത്തിന്റെ വിശാല സഖ്യത്തിലേക്ക് മടങ്ങി വരാന്‍ നിതീഷ്‌കുമാര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.  
ഇതാദ്യമായല്ല ബിഹാറില്‍ പുസ്തകങ്ങള്‍ കൊണ്ട് നേതാക്കള്‍ പോരടിക്കുന്നത്. ഉപമുഖ്യമന്ത്രി സുഷില്‍ കുമാര്‍ മോദി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുസ്തകത്തിന്റെ പേര് 'ലാലു-ലീല' എന്നായിരുന്നു. ഇതിനെതിരെ 'നിതിഷ്- മോദി ലീല എന്നപേരില്‍ താന്‍ അടുത്ത പുസ്തകം പുറത്തിറക്കാനിരിക്കുകയാണ് എന്നായിരുന്നു തേജസ്വി യാദവിന്റെ മറുപടി.