'രാജ്യം വെട്ടിമുറിച്ചത് മുസ്ലിം ലീഗ്, കോണ്‍ഗ്രസിന് അവരുമായി അവിശുദ്ധ ബന്ധം'; വീണ്ടും ആദിത്യനാഥ്

മുസ്ലിം ലീഗുമായും അസമിലെ എഐയുഡിഎഫുമായും കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതിലൂടെ രാജ്യസുരക്ഷയിലാണ് വീഴ്ച സംഭവിക്കുന്നത്
പിടിഐ
പിടിഐ

ഹോജയ് (അസം): എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍നിന്നു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസും മുസ്ലിംലീഗും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ സൂചനയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ യോഗി ആദിത്യനാഥ്. കോണ്‍ഗ്രസിന് കേരളത്തില്‍ മുസ്ലിം ലീഗുമായും അസമില്‍ എഐയുഡിഎഫുമായും ഉള്ള സഖ്യം രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ടാണെന്ന് ആദിത്യനാഥ് ആരോപിച്ചു.

കഴിഞ്ഞ ദിവസം രാഹുല്‍ വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെ മുസ്ലിം ലീഗിനെതിരെ ആരോപണവുമായി ആദിത്യനാഥ് രംഗത്തുവന്നിരുന്നു. മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ ബാധിച്ച വൈറസ് ആണെന്നായിരുന്നു യോഗിയുടെ വാക്കുകള്‍. കോണ്‍ഗ്രസ് ജയിച്ചാല്‍ ഈ വൈറസ് രാജ്യം മുഴുവന്‍ വ്യാപിക്കുമെന്നും യോഗി ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ മുസ്ലിം ലീഗ് നേതാക്കള്‍ തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കിയതിനു പിന്നാലെയാണ് പുതിയ വിമര്‍ശനവുമായി യുപി മുഖ്യമന്ത്രി രംഗത്തുവന്നിരിക്കുന്നത്.

അസമിലെ ഹോജയില്‍ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിലാണ് യോഗി മുസ്ലിം ലീഗിനെ വീണ്ടും ആക്രമിച്ചത്. രാഹുല്‍ ഗാന്ധി കേരളത്തില്‍നിന്നു മത്സരിക്കുന്നത് കോണ്‍ഗ്രസും ലീഗും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ സൂചനയാണെന്ന് യോഗി പറഞ്ഞു. മുസ്ലിം ലീഗുമായും അസമിലെ എഐയുഡിഎഫുമായും കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതിലൂടെ രാജ്യസുരക്ഷയിലാണ് വീഴ്ച സംഭവിക്കുന്നത് - ആദിത്യനാഥ് ആരോപിച്ചു. 

രാഹുല്‍ നാമിര്‍ദേശ പത്രിക നല്‍കാന്‍ പോയപ്പോള്‍ രാജ്യത്തിന്റെ ത്രിവര്‍ണ പതാകയോ കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നമോ അല്ല നിറഞ്ഞുനിന്നിരുന്നത്. ചന്ദ്രനും നക്ഷത്രങ്ങളുമുള്ള മുസ്ലിം  ലീഗ് പതാകയായിരുന്നു എങ്ങും. രാജ്യം വിഭജിച്ചതിനും തുടര്‍ന്നു ലക്ഷങ്ങള്‍ കൊല്ലപ്പെടുന്നതിനും കാരണക്കാര്‍ മുസ്ലിം ലീഗ് ആണ്. അവരുമായാണ് കോണ്‍ഗ്രസ് രാഷ്ട്രീയ സഖ്യമുണ്ടാക്കിയിരിക്കുന്നത്. - യോഗി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com