അഞ്ചു വോട്ടിങ് യന്ത്രങ്ങളിലെ വിപിപാറ്റ് എണ്ണണമെന്ന് സുപ്രിം കോടതി; തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനം വൈകും

തെരഞ്ഞെടുപ്പു പ്രകൃയ വോട്ടര്‍ക്കു സംതൃപ്തി ലഭിക്കുന്ന വിധത്തില്‍ക്കൂടി വേണമെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രിം കോടതിയുടെ സുപ്രധാന വിധി
അഞ്ചു വോട്ടിങ് യന്ത്രങ്ങളിലെ വിപിപാറ്റ് എണ്ണണമെന്ന് സുപ്രിം കോടതി; തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനം വൈകും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും അഞ്ചു വോട്ടിങ് യന്ത്രങ്ങളിലെ വോട്ടു രശീതി (വിവിപാറ്റ്) എണ്ണണമെന്ന് സുപ്രിം കോടതി ഉത്തരവ്. തെരഞ്ഞെടുപ്പു പ്രകൃയ വോട്ടര്‍ക്കു സംതൃപ്തി ലഭിക്കുന്ന വിധത്തില്‍ക്കൂടി വേണമെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രിം കോടതിയുടെ സുപ്രധാന വിധി. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 50 ശതമാനം വിവിപാറ്റ് രശീതികള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധി. നിലവില്‍ ഒരു വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് രശീതികളാണ്് ഓരോ മണ്ഡലത്തിലും എണ്ണുന്നത്. 

അന്‍പതു ശതമാനം വിവിപാറ്റ് എണ്ണുകയെന്നത് പ്രായോഗികമല്ലെന്ന വാദമാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ സുപ്രിം കോടതിയില്‍ സ്വീകരിച്ചത്. ഒരു ശതമാനം വിവിപാറ്റ് എണ്ണാന്‍ ഒരു മണിക്കൂര്‍ സമയം വേണമെന്നും അന്‍പതു ശതമാനം എണ്ണുന്നതിലൂടെ ഫലപ്രഖ്യാപനം ദിവസങ്ങള്‍ നീളുമെന്നും കമ്മിഷന്‍ നിലപാടെടുത്തു. എന്നാല്‍ ഫലപ്രഖ്യാപനം വൈകിയാലും വിശ്വാസ്യത ഉറപ്പുവരുത്തിയാവണം തെരഞ്ഞെടുപ്പ് എന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം. 

ഓരോ മണ്ഡലത്തിലും അഞ്ച് വോട്ടിങ് യന്ത്രങ്ങളിലെ വിവിപാറ്റുകള്‍ എണ്ണണമെന്നും അടുത്തടുത്ത സ്ഥലങ്ങളില്‍ അല്ലാത്ത വിധം ഇവ തെരറഞ്ഞെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. തര്‍ക്കം ഉടലെടുക്കുന്ന പക്ഷം മുഴുവന്‍ വിവിപാറ്റുകളും എണ്ണണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

എഎപിയും ടിഡിപിയുമടക്കം 21 പാര്‍ട്ടികളാണ് വിവിപാറ്റ് എണ്ണണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com