നടിയല്ലേ, ബുദ്ധിയുണ്ടാവില്ല എന്നാവും ധാരണ; ട്രോളിയാല്‍ കരയുന്ന സ്ഥാനാര്‍ഥിയല്ല താനെന്ന് ഊര്‍മിള

ട്രോളുകള്‍ ഉണ്ടാക്കുന്ന ആളുകള്‍ക്ക് ഒരു വിചാരമുണ്ട്. ഞാന്‍ ബോളിവുഡില്‍ നിന്നാണ്, ചിന്തിക്കാനുള്ള ശേഷിയോ ബുദ്ധിയോ ഒന്നുമില്ലായിരിക്കും എന്ന്
നടിയല്ലേ, ബുദ്ധിയുണ്ടാവില്ല എന്നാവും ധാരണ; ട്രോളിയാല്‍ കരയുന്ന സ്ഥാനാര്‍ഥിയല്ല താനെന്ന് ഊര്‍മിള

മുംബൈ: ട്രോളിയാല്‍ കരയുന്ന സ്ഥാനാര്‍ത്ഥിയല്ല താനെന്ന് ബോളിവുഡ് താരവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഊര്‍മ്മിള മാതോംട്കര്‍. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തുന്നത്. ട്രോളുകള്‍ ഉണ്ടാക്കുന്ന ആളുകള്‍ക്ക് ഒരു വിചാരമുണ്ട്. ഞാന്‍ ബോളിവുഡില്‍ നിന്നാണ്, ചിന്തിക്കാനുള്ള ശേഷിയോ ബുദ്ധിയോ ഒന്നുമില്ലായിരിക്കും എന്ന്. പക്ഷേ ട്രോളുന്നത് കൊണ്ട് തന്നെ തളര്‍ത്താന്‍ കഴിയില്ലെന്നും ബോളിവുഡ് താരമായതില്‍ അഭിമാനം ഉണ്ടെന്നും അവര്‍ പറഞ്ഞു. 

പട്ടിദാര്‍ നേതാവ് ഹാര്‍ദ്ദിക് പട്ടേലുമായി ചേര്‍ന്ന് അന്ധേരിയിലെ യൂത്ത് മീറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ഊര്‍മ്മിളയ്‌ക്കെതിരെ വ്യാപകമായി ട്രോളുകള്‍ പ്രചരിച്ചിരുന്നു. മുംബൈ നോര്‍ത്തില്‍ നിന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഊര്‍മ്മിള ജനവിധി തേടുന്നത്. 

മോദിയുടെ നയങ്ങളെ കടന്നാക്രമിച്ച അവര്‍ യുവാക്കളെ മോദി നിരാശരാക്കിയെന്നും പറഞ്ഞു. 2014 ല്‍ യുവജനങ്ങള്‍ വളരെ പ്രതീക്ഷാപൂര്‍വമാണ് മോദിയുടെ വാക്കുകളെ വിശ്വസിച്ചത്. ധാരാളം തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്ന് അവര്‍ കരുതി. പക്ഷേ മോദി കബളിപ്പിക്കുകയായിരുന്നുവെന്നും ഊര്‍മ്മിള പറഞ്ഞു. യുവാക്കള്‍ ഒന്നിച്ച് നിന്ന് മോദി സര്‍ക്കാരിനെ താഴെയിറക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

യുവാക്കള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങളാണ് മോദി നല്‍കിയതെന്ന് ഹാര്‍ദ്ദിക് പട്ടേലും പറഞ്ഞു. ഹാര്‍ദ്ദിക് പട്ടേലിനെയും ഊര്‍മ്മിളയെയും യൂത്ത് ഐക്കണുകളായാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത്. മുംബൈയില്‍ വോട്ട് പിടിക്കുന്നതിനും യുവാക്കളെ സ്വാധീനിക്കുന്നതിനും ഇരുവര്‍ക്കും സാധിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com