ചെന്നൈ-സേലം എട്ടുവരിപ്പാത : സ്ഥലം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി റദ്ദാക്കി ; ഭൂമി കര്‍ഷകര്‍ക്ക് വിട്ടുനല്‍കണമെന്ന് ഹൈക്കോടതി

നിര്‍ദിഷ്ട എട്ടുവരി പാതയ്ക്കായി കേന്ദ്രസര്‍ക്കാര്‍ 10,000 കോടി രൂപയാണ് അനുവദിച്ചിരുന്നത്
ചെന്നൈ-സേലം എട്ടുവരിപ്പാത : സ്ഥലം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി റദ്ദാക്കി ; ഭൂമി കര്‍ഷകര്‍ക്ക് വിട്ടുനല്‍കണമെന്ന് ഹൈക്കോടതി

ചൊന്നൈ : ചെന്നൈ-സേലം എട്ടുവരിപ്പാതയ്ക്ക് സ്ഥലം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. സ്ഥലം കര്‍ഷകര്‍ക്ക് വിട്ടുനല്‍കണമെന്ന് കോടതി ഉത്തരവിട്ടു. മദ്രാസ് ഹൈക്കോടതിയുടേതാണ് സുപ്രധാന വിധി.

ഡിഎംകെ, പൂവുലകിന്‍ നണ്‍പര്‍കള്‍ തുടങ്ങിയ പത്തോളം സംഘടനകളാണ് സര്‍ക്കാരിന്റെ ചെന്നൈ- സേലം ഹരിത ഇടനാഴി പദ്ധതിക്കെതിരെ കോടതിയെ സമീപിച്ചത്.  സര്‍ക്കാരിന്റെ നഷ്ടപരിഹാര പാക്കേജ് തള്ളിയ പ്രതിഷേധക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. 

അതേസമയം ഭൂരിപക്ഷം ജനങ്ങളുടെയും സമ്മതപ്രകാരമാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നായിരുന്നു മുഖ്യമന്ത്രി എടപ്പാടി പളനിസാമി വ്യക്തമാക്കിയിരുന്നത്. 89 ശതമാനം പേരും പദ്ധതിയെ അനുകൂലിക്കുന്നുണ്ട്. 11 ശതമാനം പേരാണ് എതിര്‍ക്കുന്നതെന്നും പളനിസാമി പറഞ്ഞു. 

നിര്‍ദിഷ്ട എട്ടുവരി പാതയ്ക്കായി കേന്ദ്രസര്‍ക്കാര്‍ 10,000 കോടി രൂപയാണ് അനുവദിച്ചിരുന്നത്. 277.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത, സേലത്തെ അരിയന്നൂരില്‍ നിന്നും ആരംഭിച്ച് ചെന്നൈയ്ക്ക് സമീപം വണ്ടലൂരില്‍ എത്തിച്ചേരും. 

സേലം, ധര്‍മപുരി, കൃഷ്മഗിരി, തിരുവണ്ണാമലൈ, കാഞ്ചീപുരം ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്. പാത യാഥാര്‍ത്ഥ്യമായാല്‍ സേലത്തു നിന്നും ചെന്നൈയിലേക്കുള്ള യാത്രാസമയം, നിലവിലെ ആറു മണിക്കൂര്‍ എന്നത് മൂന്നു മണിക്കൂറായി കുറയ്ക്കാനാകുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com