ഒറ്റയടിക്ക് 320 കോടി രൂപ വരെ മാറ്റി നല്‍കി ; നോട്ടു നിരോധനത്തിന് പിന്നില്‍ വന്‍ അഴിമതി ; ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

നോട്ടുനിരോധനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷനില്‍ വന്‍തോതില്‍ അസാധു നോട്ടുകള്‍ മാറ്റി നല്‍കിയതിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു
ഒറ്റയടിക്ക് 320 കോടി രൂപ വരെ മാറ്റി നല്‍കി ; നോട്ടു നിരോധനത്തിന് പിന്നില്‍ വന്‍ അഴിമതി ; ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : നരേന്ദ്രമോദി സര്‍ക്കാരിന്റെ നോട്ടുനിരോധനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. നോട്ട് നിരോധനത്തിന് പിന്നില്‍ വന്‍ അഴിമതിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വന്‍തോതില്‍ അസാധു നോട്ടുകളാണ് മാറ്റി നല്‍കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും ഇതില്‍ പങ്കാളികളായെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആരോപിച്ചു. 

നോട്ടുനിരോധനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷനില്‍ വന്‍തോതില്‍ അസാധു നോട്ടുകള്‍ മാറ്റി നല്‍കിയതിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു. ഇൻഡസ്ട്രിയൽ കോർപ്പറേഷൻ ​ഗോഡൗണിൽ വെച്ചാണ് ഇടപാട് നടന്നത്. ഒറ്റയടിക്ക് 320 കോടി രൂപ വരെ മാറ്റിനല്‍കി.  ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അറിവോടെയാണ് ഇടപാട് നടന്നതെന്നും കപില്‍ സിബല്‍ ആരോപിച്ചു. 

വിദേശത്ത് നിന്ന് അച്ചടിച്ച് കൊണ്ടുവന്ന നോട്ടുകള്‍ രാഷ്ട്രീയക്കാര്‍ക്ക് കൈമാറിയെന്നാണ് വീഡിയോയിലെ വെളിപ്പെടുത്തല്‍. വ്യോമസേന വിമാനത്തിലാണ് നോട്ടുകള്‍ കൊണ്ടുവന്നത്. കാബിനറ്റ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനാണ് വീഡിയോയില്‍ ഇടപാട് വെളിപ്പെടുത്തുന്നത്. ഒരു ലക്ഷം കോടിയുടെ വ്യാജ കറന്‍സി എത്തിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. വ്യാജ നോട്ടിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് അറിവുണ്ടായിരുന്നു. 

നോട്ടുനിരോധനത്തെക്കുറിച്ച് അജിത് ഡോവല്‍, അമിത് ഷായുടെ മകന്‍ ജയ് ഷാ, ഗുജറാത്ത് ഉപമുഖ്യമന്ത്രി തുടങ്ങിയവര്‍ക്ക് അറിവുണ്ടായിരുന്നു. ഇവരുടെ നിര്‍ദേശപ്രകാരമാണ് വ്യാജനോട്ടുകള്‍ എത്തിച്ചത്. മൂന്നു സീരീസിലുള്ള നോട്ടുകളാണ് എത്തിച്ചത്. വ്യവസായ പ്രമുഖര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമാണ് നോട്ടുകള്‍ നല്‍കിയത്. റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഒപ്പ് നോട്ടില്‍ വ്യാജമായി പതിപ്പിക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. വീഡിയോയിലെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു. 

അസാധു നോട്ട് മാറ്റി നല്‍കല്‍ ഇപ്പോഴും തുടരുകയാണെന്നും കപില്‍ സിബല്‍ ആരോപിച്ചു. 2016 നവംബര്‍ എട്ടിനാണ് ബിജെപി സര്‍ക്കാര്‍, രാജ്യത്ത് ഏറ്റവും മൂല്യമുള്ള 500, 1000 നോട്ടുകള്‍ നിരോധിച്ചത്. കള്ളപ്പണം കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി എന്നാണ് പ്രധാനമന്ത്രി വിശദീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com