'സങ്കല്‍പ് പത്ര' അടച്ചിട്ട മുറിയില്‍ തയ്യാറാക്കിയത്, ഒറ്റപ്പെട്ടവന്റെ ശബ്ദം ; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ബിജെപിയുടെ പത്രികയില്‍ നിറഞ്ഞ് നില്‍ക്കുന്നത് ധാര്‍ഷ്ട്യമാണെന്നും രാഹുല്‍ ഗാന്ധി
'സങ്കല്‍പ് പത്ര' അടച്ചിട്ട മുറിയില്‍ തയ്യാറാക്കിയത്, ഒറ്റപ്പെട്ടവന്റെ ശബ്ദം ; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബിജെപിയുടെ പ്രകടനപത്രിക ദീര്‍ഘവീക്ഷണമില്ലാത്തതാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അടച്ചിട്ട മുറിയില്‍ തയ്യാറാക്കപ്പെട്ട പത്രികയാണത്. ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദം മാത്രമേ  അതിലുള്ളൂവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ബിജെപിയുടെ പത്രികയില്‍ നിറഞ്ഞ് നില്‍ക്കുന്നത് ധാര്‍ഷ്ട്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആറുകോടി ജനങ്ങളുമായി സംസാരിച്ച് തയ്യാറാക്കിയതാണ് ബിജെപിയുടെ 'സങ്കല്‍പ് പത്ര' യെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെട്ടിരുന്നു. ചര്‍ച്ചകളിലൂടെയാണ് കോണ്‍ഗ്രസ് പ്രകടന പത്രിക തയ്യാറാക്കിയത്. ലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാരുടെ ശബ്ദം അതില്‍ പ്രതിഫലിക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്നലെയാണ് ബിജെപി 'സങ്കല്‍പ് പത്ര'യെന്ന പേരില്‍ പ്രകടന പത്രിക പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്. ഏകീകൃത സിവില്‍കോഡ്, രാമക്ഷേത്രം, കാര്‍ഷിക വരുമാനം ഇരട്ടിയാക്കും, രാജ്യത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും എന്ന് തുടങ്ങി 45 വാഗ്ദാനങ്ങളാണ് ബിജെപിയുടെ സങ്കല്‍പ് പത്ര മുന്നോട്ട് വയ്ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com