'അവര്‍ എല്ലാവരേയും ചായ വില്‍പ്പനക്കാരാക്കും' ; ബിജെപിക്ക് വോട്ടുചെയ്യരുതെന്ന് കത്തെഴുതി വെച്ചശേഷം കർഷകൻ ആത്മഹത്യ ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th April 2019 05:25 PM  |  

Last Updated: 10th April 2019 05:25 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

ന്യൂഡൽഹി :  ബിജെപിക്ക് വോട്ടുചെയ്യരുതെന്ന് അപേക്ഷിച്ച് കത്തെഴുതി വെച്ചശേഷം  കർഷകൻ ആത്മഹത്യ ചെയ്തു. ഹരിദ്വാറിലാണ് സംഭവം.  ഈശ്വര്‍ ചന്ദ് ശര്‍മ്മ എന്ന കർഷകനാണ് ബിജെപിക്ക് വോട്ടുചെയ്യരുതെന്ന് കുറിപ്പെഴുതിവച്ച ശേഷം ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. വിഷം കഴിച്ചാണ് ഇയാൾ ആത്മഹത്യ ചെയ്തത്. 

'കര്‍ഷകരുടെ അഞ്ച് വര്‍ഷമാണ് ബിജെപി സര്‍ക്കാര്‍ തകര്‍ത്തത്. ബിജെപിക്ക് വോട്ട് ചെയ്താല്‍ അവര്‍ എല്ലാവരേയും ചായ വില്‍പ്പനക്കാരാക്കും' ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. എന്നാല്‍ ആത്മഹത്യാ കുറിപ്പിന് പിന്നിലെ സത്യാവസ്ഥയും കൂടുതല്‍ വിവരങ്ങളും പരിശോധിച്ച ശേഷം വ്യക്തമാക്കാമെന്നും പൊലീസ് പറയുന്നു. 

കൃഷിയാവശ്യത്തിനായി  ഈശ്വര്‍ ചന്ദ് ബാങ്കില്‍ നിന്നും 5 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. പകരമായി ബാങ്കില്‍ ജാമ്യം നിന്ന സുഹൃത്തിന് ഇയാള്‍ ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു നല്‍കുകയും ചെയ്തിരുന്നു. ഇതുപയോഗിച്ച് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുമെന്ന് കര്‍ഷകനെ ഭീഷണിപ്പെടുത്തിയ സുഹൃത്ത്, ഒത്തുതീര്‍പ്പിനായി 4 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇത്തരത്തിൽ സമ്മർദത്തിലായതിനെ തുടർന്നാണ് കർഷകൻ ആത്മഹത്യ ചെയ്യേണ്ട ഘട്ടം വന്നതെന്നും പൊലീസ് വിശദീകരിക്കുന്നു. അതേസമയം പെരുകുന്ന കർഷക ആത്മഹത്യയ്ക്കെതിരെ നടപടിയെടുക്കാത്ത ബിജെപിക്കെതിരെ കോൺഗ്രസ് രംഗത്തെത്തി.