'എനിക്കുറപ്പുണ്ട്, അവന്‍ പാര്‍ലമെന്റിലെത്തിയാല്‍ എന്റെ മകന്റെ വിഷയം ഉയര്‍ത്തിക്കാട്ടും';  നോമിനേഷന്‍ നല്‍കാന്‍ കനയ്യയ്‌ക്കൊപ്പം നജീബിന്റെ ഉമ്മയും

ബഗുസരായിയിലെ സിപിഐ സ്ഥാനാര്‍ത്ഥി കനയ്യകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
'എനിക്കുറപ്പുണ്ട്, അവന്‍ പാര്‍ലമെന്റിലെത്തിയാല്‍ എന്റെ മകന്റെ വിഷയം ഉയര്‍ത്തിക്കാട്ടും';  നോമിനേഷന്‍ നല്‍കാന്‍ കനയ്യയ്‌ക്കൊപ്പം നജീബിന്റെ ഉമ്മയും


ഗുസരായിയിലെ സിപിഐ സ്ഥാനാര്‍ത്ഥി കനയ്യകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ചൊവ്വാഴ്ചയാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വന്‍ റാലിയ്ക്ക് ശേഷമാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 

ജെഎന്‍യുവില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥി നജീബിന്റെ മാതാവ് ഫാത്തിമ നഫീസിനൊപ്പമാണ് കനയ്യ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. ' എന്റെ മകനെ കാണാതായിട്ട് രണ്ടര വര്‍ഷമാകുകയാണ്. അവനായുള്ള പോരാട്ടത്തില്‍ കനയ്യയും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. കനയ്യ എംപിയായി കഴിഞ്ഞാല്‍ പാര്‍ലമെന്റില്‍ എന്റെ വിഷയം  ഉന്നയിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്'- ഫാത്തിമ പറഞ്ഞു. 

ഫാത്തിമയെ കൂടാതെ ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി, ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഷെഹ്‌ല റാഷിദ് തുടങ്ങിയവരും കനയ്യുടെ നോമിനേഷനായി എത്തി. തന്റെ ജന്‍മദിനമായിരുന്ന ചൊവ്വാഴ്ച ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ കനയ്യയ്ക്ക് വേണ്ടി പ്രചാരണം നടത്തി. 

'കനയ്യ എന്റെ സുഹൃത്താണ്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി കനയ്യ നടത്തുന്നതു വളരെ പ്രധാനപ്പെട്ട ഒരു പോരാട്ടമാണ്. ഞാനിതുവരെ ഒരു രാഷ്ട്രീയപ്രചാരണത്തിന്റെയും ഭാഗമായിട്ടില്ല. അതുകൊണ്ട് എനിക്കറിയില്ല എന്താണു പ്രതീക്ഷിക്കേണ്ടതെന്ന്. സാധാരണ ഇത്തരത്തിലാരും ജന്മദിനം ആഘോഷിക്കാറില്ല. എല്ലാ ഇന്ത്യക്കാര്‍ക്കും ആശങ്കയുള്ള വിഷയങ്ങളാണു കനയ്യ ഉയര്‍ത്തുന്നത്. പ്രശ്‌നങ്ങളെന്നു പറഞ്ഞാല്‍ ഭരണഘടനാ മൂല്യങ്ങള്‍ക്കും ഇന്ത്യന്‍ ഭരണഘടനയ്ക്കും ഭീഷണിയായവ, തൊഴിലില്ലായ്മ, ആള്‍ക്കൂട്ട അതിക്രമങ്ങളുടെ വര്‍ധന, സാമൂഹികനീതിയുടെ ആവശ്യകത, പിന്നെ എല്ലാ ഇന്ത്യക്കാരുടെയും ജീവിതങ്ങള്‍ മെച്ചപ്പെടുത്താനാവശ്യമായ വിഷയങ്ങളില്‍ ശ്രദ്ധ നല്‍കുക. ഉത്തരവാദിത്വപ്പെട്ട ദേശസ്‌നേഹികളായ ഇന്ത്യക്കാര്‍ ഈ ആശയവുമായി, ചിന്തയുമായി ബന്ധപ്പെട്ടു നില്‍ക്കണം.' -വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോടു സ്വര പറഞ്ഞു.

ബഗുസരായിയിലെ ഇടതുപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ത്ഥിയാണ് കനയ്യ. ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇടത് പാര്‍ട്ടികള്‍ കനയ്യയെ പൊതു സ്ഥാനാര്‍ത്ഥിയാക്കിയത്. തെരഞ്ഞെടുപ്പിന് വേണ്ടി ക്രൗഡ് ഫണ്ട് വഴി സഹായമഭ്യര്‍ത്ഥിച്ച കനയ്യ കുമാറിന് ഒരാഴ്ച കൊണ്ട് എഴുപതുലക്ഷം രൂപ പിരിഞ്ഞു കിട്ടിയിരുന്നു. കേന്ദ്രമന്ത്രി ഗിരിജാ സിങാണ് ബഗുസരായിയില്‍ കനയ്യയുടെ എതിരാളി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com