'കന്നി വോട്ടര്‍മാരേ ; ആദ്യവോട്ട് വീരജവാന്‍മാര്‍ക്ക് നല്‍കൂ' ; മോദിയുടെ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

മോദി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ചൂണ്ടിക്കാട്ടി സിപിഎം, കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ നല്‍കിയ പരാതിയിലാണ് നടപടി
'കന്നി വോട്ടര്‍മാരേ ; ആദ്യവോട്ട് വീരജവാന്‍മാര്‍ക്ക് നല്‍കൂ' ; മോദിയുടെ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി


ന്യൂഡല്‍ഹി : പുല്‍വാമ ഭീകരാക്രമണവും ബാലാകോട്ട് പ്രത്യാക്രമണവും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് അഭ്യര്‍ഥിച്ച  സംഭവത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ പ്രസംഗം പരിശോധിച്ച് പെരുമാറ്റ ചട്ട ലംഘനം ഉണ്ടോ എന്ന് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മോദി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ചൂണ്ടിക്കാട്ടി സിപിഎം, കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ നല്‍കിയ പരാതിയിലാണ് നടപടി.

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും മോദിയുടെ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായി വേദി പങ്കിട്ട തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദ വോട്ട് അഭ്യര്‍ത്ഥന. 

കന്നി വോട്ടര്‍മാരോടുള്ള വോട്ട് അഭ്യര്‍ഥനയ്ക്കിടെയാണ് മോദി ബാലാകോട്ട് ആക്രമണത്തില്‍ പങ്കെടുത്ത പൈലറ്റുമാരുടെ പേരില്‍ വോട്ട് ആവശ്യപ്പെട്ടത്. നിങ്ങള്‍ക്ക് ഇപ്പോള്‍ 18 വയസ്സ് പിന്നിട്ടിരിക്കുകയാണ്. നിങ്ങള്‍ നിങ്ങളുടെ വോട്ട് രാജ്യത്തിനുവേണ്ടി നല്‍കണം. രാജ്യത്തെ ശക്തമാക്കുന്നതിന്, ശക്തമായ ഒരു സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് നിങ്ങളുടെ വോട്ട് രേഖപ്പെടുത്തണം. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ബാലാകോട്ടില്‍ വ്യോമാക്രമണം നടത്തിയ ധീരരായ വ്യോമസേന പൈലറ്റുമാര്‍ക്കുള്ള ബഹുമതിയായി നിങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി സൈന്യത്തെ ഉപയോഗിച്ച് ഒരു തരത്തിലുള്ള രാഷ്ട്രീയപ്രചാരണങ്ങളും നടത്തരുതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. .പാര്‍ട്ടിയുടെ പ്രചാരകരോ സ്ഥാനാര്‍ത്ഥികളോ, തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ എന്തെങ്കിലും രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി പ്രതിരോധസേനകളെ ഉപയോഗിക്കുകയോ പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്യരുത് എന്നും മാര്‍ച്ച് 19ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍  പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com