നമോ ടിവിയുടെ ഉള്ളടക്കം പരിശോധിക്കണം ; ഡല്‍ഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം

പ്രാദേശിക മാധ്യമ ചട്ടങ്ങള്‍ അനുസരിക്കുന്നവയാണോ പരിപാടികളെന്ന് പരിശോധിക്കാനാണ് ഡല്‍ഹിയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്
നമോ ടിവിയുടെ ഉള്ളടക്കം പരിശോധിക്കണം ; ഡല്‍ഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം


ന്യൂഡല്‍ഹി: നമോ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളുടെ ഉള്ളടക്കം പരിശോധിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. പ്രാദേശിക മാധ്യമ ചട്ടങ്ങള്‍ അനുസരിക്കുന്നവയാണോ പരിപാടികളെന്ന് പരിശോധിക്കാനാണ് ഡല്‍ഹിയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്. നീരീക്ഷക സമിതിയുടെ അനുമതി ലഭിച്ചിട്ടിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

തിരഞ്ഞെടുപ്പ് കാലയളവില്‍ രൂപീകരിക്കപ്പെടുന്ന നിരീക്ഷക സമിതികളുടെ ചുമതലയാണ് തെരഞ്ഞെടുപ്പ് ചട്ടലംഘനകള്‍ നിരീക്ഷിക്കുക എന്നത്. മാധ്യമങ്ങള്‍ പ്രധാനമായും ഇവയുടെ നിരീക്ഷണ പരിധിയില്‍ പെടുന്നു. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളും പരസ്യങ്ങളും സമിതിയുടെ അനുമതി നേടിയ ശേഷം മാത്രമേ സംപ്രേഷണം അല്ലെങ്കില്‍ പ്രക്ഷേപണം ചെയ്യാവൂ എന്നാണ് ചട്ടം. 

നമോ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുന്നതായുള്ള കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടികളുടെ പരാതികളെ തുടര്‍ന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടിയിരുന്നു. നമോ ടിവി പരസ്യസംപ്രേക്ഷണത്തിനുള്ള  ഡിടിഎച്ച് സേവനദാതാക്കളുടെ പ്ലാറ്റ് ഫോം മാത്രമാണെന്നും നിലവിലുള്ള മാനദണ്ഡമനുസരിച്ച് മന്ത്രാലയത്തിന്റെ പ്രത്യേകാനുമതിയുടെ ആവശ്യം ചാനലിനില്ലെന്നും കമ്മിഷനെ മന്ത്രാലയം അറിയിച്ചിരുന്നു. 

ഇതിന് പിന്നാലെയാണ് ചാനലിന്റെ ഉള്ളടക്കം പരിശോധിക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാഷ്ട്രീയലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പരിപാടികളാണ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നത് എന്നാണ് നമോ ടിവിക്കെതിരെയുള്ള പ്രധാന ആരോപണം. മാര്‍ച്ച് 31 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി നമോ ചാനല്‍ ഉദ്ഘാടനം ചെയ്തത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com