ആ പച്ചവെളിച്ചം മൊബൈല്‍ ഫോണില്‍നിന്ന്; രാഹുലിന്റെ സുരക്ഷയില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് കേന്ദ്രം
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th April 2019 03:25 PM |
Last Updated: 11th April 2019 03:25 PM | A+A A- |

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായെന്നു ചൂണ്ടിക്കാട്ടിയുള്ള കത്തു ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ്. അമേഠിയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുന്നതിനിടെ രാഹുലിന്റെ മുഖത്തു വീണ പച്ച വെളിച്ചം മൊബൈല്‍ ഫോണില്‍നിന്നുള്ളതാണെന്നു സുരക്ഷാ സേന കണ്ടെത്തിയിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയുടെ മുഖത്ത് പച്ചവെളിച്ചം വീണതായുള്ള റിപ്പോര്‍ട്ടുകള്‍ കണ്ട ഉടനെ സുരക്ഷാ ചുമതലയുള്ള എസ്പിജിയുടെ ഡയറക്ടറില്‍നിന്നു റിപ്പോര്‍ട്ട് തേടിയിരുന്നുവെന്ന് ആഭ്യന്തര മന്താലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പച്ചവെളിച്ചം എഐസിസി ഫോട്ടോഗ്രാഫര്‍ ഉപയോഗിച്ച മൊബൈല്‍ ഫോണില്‍നിന്നാണെന്നു പരിശോധനയില്‍ വ്യക്തമായെന്നാണ് എസ്പിജി ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. രാഹുല്‍ ഗാ്ന്ധി മാധ്യമങ്ങളുമായി നടത്തിയ ആശയവിനിമയം വിഡിയോയില്‍ ചിത്രീകരിക്കുകയായിരുന്നു ഫോട്ടോഗ്രാഫര്‍.
അമേഠിയില്‍ വച്ച് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി സംശയിക്കുന്നുവെന്ന് കോണ്‍ഗ്രസ് കേന്ദ്ര ആഭ്യന്തരമന്ത്രിയെ കത്തിലൂടെ അറിയിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.
കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ രാഹുലിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി സംശയിക്കുന്നതായി കത്തില്‍ പറയുന്നു. ചെറിയൊരു സമയത്തിനിടെ ഏഴു തവണ രാഹുലിനു നേരെ ലേസര്‍ തോക്ക് ഉപയോഗിച്ച് ലക്ഷ്യം നിര്‍ണയിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. രാഹുലിന്റെ മുഖത്ത് ലേസര്‍ രശ്മി വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് കോണ്‍ഗ്രസ് ആഭ്യന്തരമന്ത്രിക്കു കത്തു നല്‍കിയിട്ടുള്ളത്. ഇക്കാര്യം അന്വേഷിക്കണമെന്നും സംശയം ശരിയെങ്കില്‍ നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷന്റെ സുരക്ഷയില്‍ ഗുരുതരമായ പിഴവു വന്നിരിക്കുന്നതയാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവര്‍ ഒപ്പിട്ട കത്തില്‍ പറയുന്നു. മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ദൃശ്യങ്ങള്‍ പരിശോധനയ്ക്കു വിധേയമാക്കി. സ്‌നൈപ്പര്‍ ഗണ്‍ പോലെയുള്ള ആയുധമാവാം ഈ രശ്മിക്കു പിന്നിലെന്നാണ് അവരുടെ നിഗമനമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.