ഡിഗ്രി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് സ്മൃതി ഇറാനി; ആസ്തി 4.71 കോടി

ഡല്‍ഹി യൂണിവേഴ്‌സിറ്റിയിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ബികോം ബിരുദ കോഴ്‌സിന് ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു
ഡിഗ്രി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് സ്മൃതി ഇറാനി; ആസ്തി 4.71 കോടി

ന്യൂഡല്‍ഹി: താന്‍ ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തില്‍ വ്യാഴാഴ്ച നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് സ്മൃതിയുടെ എതിരാളി. 

4.71 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. 1.75 കോടിയുടെ ജംഗമസ്വത്തും 2.96 കോടിയുടെ സ്ഥാവര സ്വത്തുമാണ് മന്ത്രിക്കുള്ളത്. ഇതില്‍ 1.45 കോടിയുടെ കൃഷിഭൂമിയും 1.50 കോടിയുടെ പാര്‍പ്പിടവും ഉള്‍പ്പെട്ടിട്ടുണ്ട്. 

1991ല്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും 1993 സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. 1994ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ബികോം ബിരുദ കോഴ്‌സിന് ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

കൈയില്‍ പണമായിട്ടുള്ളത് 6.24 ലക്ഷം രൂപയും ബാങ്ക് അക്കൗണ്ടുകളില്‍ 89 ലക്ഷം രൂപയുമുണ്ട്. ഇത് കൂടാതെ 18 ലക്ഷം രൂപ ദേശീയ സമ്പാദ്യ പദ്ധതിയിലും പോസ്റ്റല്‍ നിക്ഷേപത്തിലുമായി ഉണ്ട്. 1.05 ലക്ഷം രൂപയുടെ മറ്റൊരു നിക്ഷേപവും സ്മൃതി ഇറാനിക്കുണ്ട്. 13.14 ലക്ഷം രൂപ വിലമതിക്കുന്ന വാഹനവും 21 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും സ്വന്തം പേരിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com