മദ്യം തട്ടിയെടുക്കാന്‍ കൊലപാതകം; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍; തെളിവായത് ടീഷര്‍ട്ടില്‍ പതിച്ച 'എല്‍' അടയാളം

പ്രതികളിലൊരാള്‍ ധരിച്ച ടീ ഷര്‍ട്ടിലെ അടയാളമാണ് മൂവരേയും പിടികൂടാന്‍ പൊലീസിന് തുണയായത്
മദ്യം തട്ടിയെടുക്കാന്‍ കൊലപാതകം; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍; തെളിവായത് ടീഷര്‍ട്ടില്‍ പതിച്ച 'എല്‍' അടയാളം

ബംഗളൂരു: മദ്യം തട്ടിയെടുക്കാനായി 46കാരനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ലോകേഷ് (21), സേവരാജ് (19), സുനില്‍ (20) എന്നിവരെയാണ് ബംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാള്‍ ധരിച്ച ടീ ഷര്‍ട്ടിലെ അടയാളമാണ് മൂവരേയും പിടികൂടാന്‍ പൊലീസിന് തുണയായത്. 

ബംഗളൂരു നഗരത്തിന് സമീപമുള്ള സര്‍വജ്ഞ നഗറില്‍ മാര്‍ച്ച് 25നാണ് കൊലപാതകം അരങ്ങേറിയത്. 46കാരനായ സത്യശീലന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ രണ്ട് സഞ്ചികളിലായി വിസ്‌കിയുമായി പോകുമ്പോള്‍ പ്രതികള്‍ ഇത് കൈക്കലാക്കാനായി സത്യശീലനെ അക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ പ്രതികള്‍ ഇയാളെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. 

സിസിടിവി പരിശോധിച്ചപ്പോള്‍ ലഭിച്ച ദൃശ്യങ്ങളാണ് പ്രതികളിലേക്കുള്ള വഴി തുറന്നത്. മൂന്ന് പേരില്‍ ഒരാള്‍ ധരിച്ച വെളുത്ത ടി ഷര്‍ട്ടില്‍ പതിച്ച 
'എല്‍' എന്ന ഇംഗ്ലീഷ് അക്ഷരം വലുതാക്കി പ്രിന്റ് ചെയ്തിരുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമായി. അടുത്തുള്ള ശ്മശാനത്തില്‍ ഒളിവില്‍ താമസിച്ച പ്രതികളെ ഇവിടെ നിന്ന് പിടികൂടിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ അവര്‍ കുറ്റം സമ്മതിച്ചു. കൊല്ലാനുപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

സംഭവം നടക്കുമ്പോള്‍ കൊല്ലപ്പെട്ട സത്യശീലന്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. നെഞ്ചില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പുലികേശിനഗര്‍ ഇന്‍സ്‌പെകെടര്‍ ഫിറോസ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷിച്ചത്. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com